പാകിസ്ഥാനിലെ വിവാഹവീട്ടിൽ കയറിവന്ന ചാവേർ പൊട്ടിത്തെറിച്ചു; ഏഴുപേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

Saturday 24 January 2026 2:39 PM IST

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ വിവാഹവീട്ടിൽ ചാവേർ ആക്രമണം. ഏഴുപേർ കൊല്ലപ്പെട്ടു, 25 പേർക്ക് ഗുരുതര പരിക്ക്. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പക്‌തൂൻഖ്വയിൽ ദേര ഇസ്‌മായിൽ ഖാൻ ജില്ലയിൽ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. വിവാഹവീട്ടിലെത്തിയ ചാവേർ അതിഥികൾക്കിടയിൽവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

സർക്കാർ അനുകൂല സമാധാന സമിതി നേതാവായ നൂർ ആലം മെഹ്സൂദിന്റെ വീട്ടിലാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇവിടെ വിവാഹാഘോഷത്തിനിടെ അതിഥികൾ നൃത്തം ചെയ്യുകയായിരുന്ന വേളയിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയുടെ ശക്തിയിൽ വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീഴുകയും അനേകംപേർ ഇതിനടിയിൽപ്പെടുകയും ചെയ്തു. ഇത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയെന്ന് പൊലീസ് പറയുന്നു.

ചാവേർ ആക്രമണത്തിൽ ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാൽ തെഹ്‌രീക് - ഇ - താലിബാൻ പാകിസ്ഥാൻ (ടിടിപി) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മേഖലയിൽ പതിവായി ആക്രമണങ്ങൾ നടത്തിയിട്ടുള്ള സംഘത്തെ 'പാകിസ്ഥാൻ താലിബാൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. അഫ്ഗാൻ താലിബാനിൽ നിന്ന് വേറിട്ടതാണെങ്കിലും അവരുമായി സഖ്യമുണ്ടാക്കിയ സംഘം 2021ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം കൂടുതൽ സജീവമായി. നിരവധി ടിടിപി പോരാളികൾ അതിർത്തിക്കപ്പുറത്ത് നിന്നാണ് പ്രവർത്തിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

ആക്രമണമുണ്ടായ പ്രദേശം സീൽ ചെയ്ത പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഖൈബർ പക്‌തൂൻഖ്വ മുഖ്യമന്ത്രി ആക്രമണത്തിൽ അനുശോചിച്ചു. കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.