'എന്നെ അടിച്ചു, ഞാൻ കൊന്നു', 24കാരനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻസ്റ്റഗ്രാമിൽ കുറ്റസമ്മതം നടത്തി പ്രതി
ന്യൂഡൽഹി: 24കാരനെ കഫേയിൽ വെടിവച്ചുകൊന്ന സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മത വീഡിയോ പുറത്ത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി വീഡിയോയിൽ വെളിപ്പെടുത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ മൗജ്‌പുരിലുള്ള മിസ്റ്റർ കിംഗ് ലോഞ്ച് ആൻഡ് കഫേയിലാണ് ഫൈസാൻ കൊല്ലപ്പെട്ടത്.
മൊയീൻ കുറേഷിയെന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പ്രതി കുറ്റസമ്മതം നടത്തുന്നതിന്റെ ദൃശ്യം പങ്കുവച്ചത്. കൊലപാതകത്തിൽ തന്റെ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ പങ്കില്ലെന്ന് അറിയിച്ചു. 'നാല് മാസം മുമ്പ് ഫൈസാൻ എന്നെ മർദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊല നടത്തിയത്. കൊലയ്ക്ക് പിന്നിൽ സാമ്പത്തിക ഇടപാടുകളില്ല. ആരുടെയും പ്രേരണയാലല്ല ഇത് ചെയ്തത്. എന്റെ അച്ഛനും ഇതിൽ പങ്കില്ല.' പ്രതി വീഡിയോയിൽ പറഞ്ഞു.
അതേസമയം, കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്ന് ഫൈസാന്റെ സഹോദരൻ സൽമാൻ ആരോപിച്ചിരുന്നു. ഫൈസാൻ എടുത്ത ലോൺ തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിയും ഇയാളുടെ പിതാവും ഫൈസാനുമായി മുൻപ് വഴക്കിട്ടിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും സൽമാൻ പറഞ്ഞു. പ്രതിയെയും പിതാവിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് കഫേയിൽ വച്ച് ഫൈസാൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫൈസാന്റെ തലയിലും നെഞ്ചിലുമായി മൂന്ന് വെടിയുണ്ടകൾ തറച്ചതായും കൈയിൽ മുറിവേറ്റ അടയാളമുണ്ടെന്നും സഹോദരൻ പറഞ്ഞു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.