അമൃതകിരണം സാന്നിദ്ധ്യം പോലും സത്സംഗം

Sunday 25 January 2026 2:47 AM IST

ഒരിക്കൽ ഒരു ഗുരു ശിഷ്യന്മാരെ വിളിച്ച് പറഞ്ഞു- 'വരൂ. നമുക്ക് നഗരത്തിൽ പോയി ജനങ്ങൾക്ക് സത്സംഗം നൽകാം, അവരെ ആത്മീയത പഠിപ്പിക്കാം." അങ്ങനെ അവർ നഗരത്തിൽ ചെന്ന് തെരുവുകളിലൂടെ നടന്നു. പല തരത്തിലുള്ള ആളുകളെ കണ്ടു, ചിലരെ നോക്കി പുഞ്ചിരിച്ചു, ചിലരോട് സംസാരിച്ചു, ചിലരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി, ലാളിച്ചു. നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു, 'ഗുരോ, നേരം വൈകുന്നു. എപ്പോഴാണ് നമ്മൾ സത്സംഗം ആരംഭിക്കുന്നത് ?"

ഗുരു പറഞ്ഞു. 'ഇത്രയും നേരം നമ്മൾ പിന്നെയെന്താണ് ചെയ്തിരുന്നത്? അനേകം ആളുകൾ നമ്മളെ കണ്ടു. നമ്മൾ അവരോട് സംവദിച്ചു. ചിലർക്കൊക്കെ നമ്മൾ ചെറിയ ചെറിയ സഹായങ്ങൾ നല്കി. നമ്മളുമായി ഇടപഴകിയവർക്ക് തീർച്ചയായും എന്തെങ്കിലും ഗുണപരമായ പാഠങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടുണ്ടാകും. അവരുടെ ഉള്ളിൽത്തന്നെയുള്ള ആത്മീയസമ്പത്തിനെക്കുറിച്ച് അന്വേഷിക്കാൻ അതവർക്ക് പ്രേരണയാകും. ഇതിലുപരി എന്ത് ആത്മീയ സന്ദേശമാണ് അവർക്കു നല്കാനുള്ളത്?"

എന്താണ് ഈ കഥയുടെ അർത്ഥം? ആധ്യാത്മികത എന്നാൽ ശാസ്ത്രങ്ങൾ പഠിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ഒക്കെയാണെന്ന ധാരണ പലരിലുമുണ്ട്. തീർച്ചയായും അവയൊക്കെ ആധ്യാത്മികതയുടെ ഭാഗം തന്നെ. എന്നാൽ ശാസ്ത്രം നമ്മുടെ ജീവിതമാകണം. ശാസ്ത്രപഠനത്തിലൂടെ നേടിയ അറിവ്, നമ്മുടെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും പ്രതിഫലിക്കണം. അറിവ് അനുഭൂതിയായി വളരണം. അങ്ങനെയുള്ളവരുമായുള്ള സമ്പർക്കം തന്നെ മറ്റുള്ളവരിൽ ആദ്ധ്യാത്മിക ജിജ്ഞാസ ഉണർത്തും. അവരിൽ പരിവർത്തനമുണ്ടാക്കും. അതാണ് യഥാർത്ഥ സത്സംഗം.

നമ്മളിൽ നല്ല മാറ്റം ഉണ്ടാകാത്ത കാലത്തോളം ശാസ്ത്രപഠനം സാർത്ഥകമായി എന്ന് പറയാൻ കഴിയില്ല. ശാസ്ത്രം വഴികാട്ടിയാണ്. നഗരത്തിലെ പ്രശസ്തമായ സ്വർണക്കടയിലേക്കു പോകേണ്ട വഴി ചൂണ്ടിക്കാണിക്കുന്ന ഒരു ബോർഡ് ഒരിടത്തുണ്ട്. അതിനോടു ചോദിച്ചാൽ സ്വർണം കിട്ടുകയില്ല. സ്വർണാഭരണം വേണമെങ്കിൽ സ്വർണക്കടയിൽ പോകുക തന്നെ വേണം. ആ ചൂണ്ടുപലക പോലെയാണ് ശാസ്ത്രങ്ങൾ. അവ ലക്ഷ്യം ചൂണ്ടിക്കാണിച്ചു തരും. ആ മാർഗത്തിലൂടെ സഞ്ചരിച്ചാലേ ലക്ഷ്യത്തിലെത്തൂ.

ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള പരിശ്രമമാണ് സാധന. ലക്ഷ്യത്തിലെത്താൻ സാധന വേണം. അല്പം അറിവ് നേടിയതുകൊണ്ടു മാത്രം ആരും സാധകനോ സന്യാസിയോ ആവില്ല. വിത്തിൽ വൃക്ഷമുണ്ട്. പക്ഷേ വിത്ത് വൃക്ഷമാകണമെങ്കിൽ അതിനെ മണ്ണിൽ നട്ട് വെള്ളവും വളവും നല്കണം. കൈയിൽ വച്ചുകൊണ്ടിരുന്നാൽ പോരാ. അതുപോലെ നമ്മുടെ ഉള്ളിൽത്തന്നെ എല്ലാം ഉണ്ടെങ്കിലും അത് അനുഭവമാകണമെങ്കിൽ ശാസ്ത്ര തത്വങ്ങൾ ജീവിതത്തിൽ പകർത്താനുള്ള ആത്മാർത്ഥമായ ശ്രമം വേണം. ശാസ്ത്രം പഠിച്ചിട്ടും, ഗുരുവാക്യം ശ്രവിച്ചിട്ടും പൂർണത അനുഭവപ്പെടുന്നില്ലെങ്കിൽ എന്തൊക്കെയോ പ്രതിബന്ധങ്ങൾ തന്റെ ഉള്ളിലുണ്ടെന്ന് മനസിലാക്കണം.

ആ പ്രതിബന്ധങ്ങൾ നീക്കാൻ വേണ്ട കാര്യങ്ങൾ ഗുരു പറഞ്ഞുതരും. ആ വഴിയിൽ നീങ്ങുക അനിവാര്യമാണ്. അതില്ലാത്തിടത്തോളം കാലം 'അഹം ബ്രഹ്മാസ്മി", 'തത്ത്വമസി" എന്നൊക്കെ ഉരുവിടുന്നത് അന്ധനായ കുട്ടിയെ 'പ്രകാശം" എന്ന് പേരിട്ടു വിളിക്കുന്നതുപോലെയാണ്. മനസിനെ സാധനയിലൂടെ ക്രമപ്പെടുത്തിയാൽ,​ ഗുരുവും ശാസ്ത്രവും പറയുന്ന രീതിയിൽ ജീവിതം നയിച്ചാൽ, ഈ ശരീരത്തിലിരുന്നുകൊണ്ടുതന്നെ പരമമായ സത്യത്തെ അനുഭവിക്കാം. അങ്ങനെയുള്ളയാളിന്റെ സാന്നിദ്ധ്യം തന്നെ സത്സംഗമാണ്.