പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽ
കൊല്ലം: 16കാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കൊല്ലം ചിതറ കുറക്കോട് സ്വദേശി അഭിൻ (22) ആണ് അറസ്റ്റിലായത്. എട്ടാം ക്ളാസിൽ പഠിക്കുന്ന സമയം മുതൽ പെൺകുട്ടിയും പൂജാരിയും പ്രണയത്തിലായിരുന്നു. കഴിഞ്ഞ സെപ്തംബർ മുതലാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയത്.
പെൺകുട്ടിയുടെ വീട്ടിൽവച്ചായിരുന്നു ആദ്യ പീഡനം. വിവരം വീട്ടുകാരോട് പറയുമെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തി നിരന്തരം പീഡനത്തിനിരയാക്കി. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ കുട്ടി ഉറക്കഗുളിക കഴിക്കുകയും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ആശുപത്രിയിലെ കൗൺസിലിംഗിനിടെയാണ് പീഡനവിവരം കുട്ടി പുറത്തുപറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു.
ചിതറ കുറക്കോട് ഭാഗത്തുനിന്നാണ് അഭിനെ പൊലീസ് പിടികൂടിയത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.