ബമ്പർ കോട്ടയം

Sunday 25 January 2026 12:47 AM IST

കോട്ടയം : ക്രിസ്മസ് ബമ്പറടിക്കുന്നതിൽ കോട്ടയം മുന്നിലാണ്. 2022 ൽ അയ്മനം സ്വദേശിയെ കനിഞ്ഞനുഗ്രഹിച്ചെങ്കിൽ ഇപ്പോൾ കാഞ്ഞിരപ്പള്ളിയിൽ വിറ്റ ടിക്കറ്റിന് വീണ്ടും ലോട്ടറി! എന്നാൽ ഓണം ബമ്പറിന്റെ ഒന്നാംസ്ഥാനം കോട്ടയത്ത് പൂക്കളമിട്ടിട്ട് പതിനൊന്ന് വ‌ർഷവും. 2022 ലെ ക്രിസ്മസ് ബമ്പർ അടിച്ചത് കുടയംപടി ഒളിപ്പറമ്പിൽ സദനന്ദന്. അന്ന് 12 കോടി രൂപ നേടിക്കൊടുത്തത് എക്സ്.ജി 218582 എന്ന ടിക്കറ്റിന്. 2019 ലെ പൂജാ ബമ്പറും കോട്ടയത്ത് വിറ്റ ടിക്കറ്റിനായിരുന്നു. 2022ലെ ഓണം ബമ്പർ രണ്ടാം സമ്മാനമായ 5 കോടി പാലായിലായിരുന്നു. 2025 ലെ ഓണം ബമ്പറിന്റെ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ കോട്ടയത്തെ കുടുംബശ്രീ അംഗങ്ങൾക്കും. പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ കീരിയാനിക്കൽ സൗമ്യ സുജീവ്, കോട്ടൂക്കുന്നേൽ രമ്യാ അനൂപ്, കോട്ടൂക്കുന്നേൽ ഉഷാ മോഹനൻ, ഓലിക്കൽ സാലി സാബു, കുമ്പളന്താനത്തിൽ ഉഷാ സാബു എന്നിവർ ചേർന്നെടുത്ത ടി.എച്ച് 668650 എന്ന ടിക്കറ്റിനായിരുന്നു ഭാഗ്യദേവതയുടെ കടാക്ഷം. ഇതോടെ ബമ്പർ ഭാഗ്യം പരീക്ഷിക്കുന്നവരുടെ ഇഷ്ട സ്ഥലമായി കോട്ടയം മാറുകയാണ്.