ജനനായകന്റെ വിധി മറ്റന്നാൾ
വിജയ് നായകനായ ജനനായകന്റെ പ്രദർശനാനുമതി നൽകുന്നതു സംബന്ധിച്ച അപ്പീലിൽ മറ്റന്നാൾ മദ്രാസ് ഹൈക്കോടതി വിധി പറയും. രാവിലെ 10.30നാണ് വിധി പറയുന്നത്. റിപ്പബ്ളിക് അവധിയിലും ചിത്രം പ്രദർശനം ചെയ്യില്ലെന്ന് അറിഞ്ഞത് ആരാധകരെ കൂടുതൽ നിരാശരാക്കി. ജനുവരി 9ന് പൊങ്കലിനു മുൻപ് ജനനായകൻ റിലീസ് ചെയ്യാനായിരുന്നു വിതരണക്കാരുടെ തീരുമാനം. എന്നാൽ, സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്ന കാര്യം പുനഃപരിശോധനാ സമിതിയുടെ പരിഗണനയ്ക്ക് വിടാൻ സെൻസൻ ബോർഡ് ചെയർമാൻ തീരുമാനിച്ചതിനെ തുടർന്നാണ് വിഷയം കോടതിയിൽ എത്തിയത്. സിനിമയ്ക്ക് യു.എ സർട്ടിഫിക്കറ്റോടെ ഉടൻ പ്രദർശനാനുമതി നൽകണമെന്ന് ജസ്റ്റിസ് പി.ടി. ആഷയുടെ ഹൈക്കോടതി ബെഞ്ച് ജനുവരി 9ന് രാവിലെ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സെൻസർ ബോർഡ് ഉടൻ തന്നെ അപ്പീൽ നൽകുകയും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ബെഞ്ച് വൈകിട്ട് 3.30ന് അത് പരിഗണിച്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത നിർമ്മാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം ഹൈക്കോടതിക്കു വിടുകയാണ് സുപ്രീംകോടതി ചെയ്തത്.
ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്‌തവും ജസ്റ്റിസ് ജി. അരുൺ മുരുകനുമടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിലെ വാദം പൂർത്തിയാക്കിയിരുന്നു. സെൻസർ ബോർഡിന്റെയും നിർമ്മാതാക്കളുടെയും വാദം കേട്ട കോടതി ഹർജി വിധി പറയാൻ മാറ്റുകയാണ് ഉണ്ടായത്. രാഷ്ട്രീയപ്രവേശനം നടത്തിയ വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന പ്രത്യേകതയും ജനനായകനുണ്ട്.