പയ്യന്നൂർ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കോൺഗ്രസ് - സിപിഎം സംഘർഷം
കണ്ണൂർ : ടി.ഐ. മധുസൂദനൻ എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം. വൈകിട്ട അഞ്ചരയോടെ നടത്തിയ പ്രകടനത്തിലേക്ക് സി.പി.എം പ്രവർത്തകരെത്തി ആക്രമണം നടത്തുകയായിരുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു. എം.എൽ.എയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി.
സി.പി.എം നേതൃത്വത്തിനെതിരെ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം പയ്യന്നൂരിലെത്തിയതോടെ പ്രദേശത്ത് തമ്പടിച്ച സി.പി.എം പ്രവർത്തകർ പ്രതിഷേധത്തിനിടയിലേക്ക് കയറുകയും ആക്രമണം നടത്തുകയുമായിരുന്നെന്ന് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് മർദ്ദനമേറ്റത്. മുപ്പതോളം വരുന്ന സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ്, കെ.എസ്.യു കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റു. പ്രദേശത്ത് പൊലീസുണ്ടായിരിക്കെയാണ് ആക്രമണം നടന്നത്.