ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന് പരാതി

Sunday 25 January 2026 12:40 AM IST

മലയിൻകീഴ്: വിളപ്പിൽശാല ഗവ.ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി.വിളപ്പിൽ കാവിൻപുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാൽ ഇസിയാൻ മൻസിലിൽ ബിസ്മീറിന്റെ (37) മരണവുമായി ബന്ധപ്പെട്ടാണ് പരാതി.

പ്രാഥമിക ചികിത്സപോലും നൽകാത്തതിനാലാണ് ബിസ്മീർ മരിച്ചതെന്ന് കാട്ടി ഇയാളുടെ ഭാര്യ ജാസ്‌മിനാണ്(34) ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയത്.

ഇക്കഴിഞ്ഞ 19ന് രാത്രി 1ഓടെയാണ് ബിസ്മിറിന് ശ്വാസംമുട്ടലും അസ്വസ്ഥതയും അനുഭവപ്പെട്ട് വിളപ്പിൽശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രി ഗേറ്റ്പൂട്ടിയ നിലയിലായിരുന്നു.പലതവണ ബെല്ല് അടിച്ചശേഷമാണ് സെക്യൂരിറ്റിയും മറ്റ് ജീവനക്കാരുമെത്തി വാതിൽ തുറന്നത്. ജാസ്മിൻ ബഹളം വച്ചപ്പോഴാണ് ജീവനക്കാർ പുറത്തേക്ക് വന്നത്.അപ്പോഴേക്കും ജസ്മീറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ചികിത്സയൊന്നും നൽകാതിരുന്നപ്പോൾ ആവികൊടുക്കാനും ഓക്‌സിജൻ നൽകാനും ജാസ്മീൻ ആവശ്യപ്പെട്ടതായും പറയുന്നു. മരുന്നില്ലാതെയാണ് ആവി നൽകിയതെന്നും. ഓക്‌സിജൻ നൽകിയപ്പോഴേക്കും ബോധം നഷ്ടപ്പെട്ടുവെന്നും തുടർന്ന് ആശുപത്രി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വഗ്ഗി തൊഴിലാളിയായ ബിസ്മീർ രാവിലെ ജോലിക്കുപോയി സുഖമില്ലാതെയാണ് വീട്ടിലെത്തിയത്. രണ്ട് കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ബിസ്മീറായിരുന്നു. ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജാസ്മിൻ നൽകിയ പരാതിയിൽ പറയുന്നു.

 പ്രതികരണം: വിളപ്പിൽശാല ഗവ.ആശുപത്രിയിൽ നിന്ന് നൽകേണ്ട പ്രാഥമിക ചികിത്സയെല്ലാം നൽകി. സി.പി.ആർ,​ ഓക്സിജൻ ഉൾപ്പെടെ രോഗിക്ക് നൽകിയിട്ടുണ്ട്. ഗുരുതരാവസ്ഥയെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് ആശുപത്രി ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്

ഡോ.രമ,​മെഡിക്കൽ ഓഫീസർ

വിളപ്പിൽശാല ഗവ.ആശുപത്രി