കുന്നത്തെരു ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം
Saturday 24 January 2026 9:42 PM IST
പയ്യന്നൂർ : രാമന്തളി കുന്നത്തെരു ദുർഗ്ഗ ഭദ്രകാളി ക്ഷേത്രം പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് നടന്ന പൊങ്കാല മഹോത്സവത്തിൽ നൂറുകണക്കിന് സ്ത്രീകൾ ഭക്തിസാദ്രമായ അന്തരീക്ഷത്തിൽ പൊങ്കാലയിട്ടു. രാവിലെ പണ്ടാര അടുപ്പിൽ ക്ഷേത്രം മേൽശാന്തി മണ്ണില്ലത്ത് പത്മനാഭൻ നമ്പൂതിരി ക്ഷേത്രപരിസരത്ത് സജ്ജമാക്കിയ അടുപ്പുകളിലേക്ക് അഗ്നി പകർന്നതോടെയാണ് ഉത്സവത്തിന് തുടക്കമായത്. തുടർന്ന് പൊങ്കാല സമർപ്പണവും അന്നദാനവും നടന്നു. ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച വൈദ്യുത വിളക്കുകളുടെ സ്വിച്ച് ഓൺ, ക്ഷേത്രം എക്സി : ഓഫീസർ കെ.പി.സുനിൽകുമാർ നിർവ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.സുരേശൻ, ഒ.കെ.രഘു സംസാരിച്ചു. ക്ഷേത്ര മാതൃസമിതി സമർപ്പിച്ച മിക്സർ ഗ്രൈൻഡർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.പി.പുരുഷോത്തമൻ ഏറ്റുവാങ്ങി.