നേതാക്കൾ നാവടക്കണം, പാർട്ടി നിലപാടിന് വിരുദ്ധമായ പരസ്യപ്രസ്താവന പാടില്ല ; കർശന നിർദ്ദേശവുമായി എം വി ഗോവിന്ദൻ
തിരുവനന്തപുരം: മുതിർന്ന നേതാക്കളുടെ പ്രസ്താവനകൾ വിവാദത്തിലായ പശ്ചാത്തലത്തിൽ നേതാക്കൾക്ക് മുന്നറിയിപ്പുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വി. ഗോവിന്ദൻ. പാർട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകൾ പാടില്ല. അത്തരം പ്രസ്താവനകളെ പാർട്ടി തള്ളുമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. മന്ത്രി സജി ചെറിയാന്റെയും എ.കെ. ബാലന്റെയും പ്രസ്താവനകൾ വിവാദമായ സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ നിർദ്ദേശം. സജി ചെറിയാന്റെ പ്രസ്താവന പാർട്ടിക്ക് ക്ഷീണമായെന്ന് സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിവാദങ്ങളുണ്ടാതെ നേതാക്കൾ ശ്രദ്ധിക്കണമെന്നും അഭിപ്രായമുയർന്നു.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം ഉന്നയിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണനെ ഉടൻ നടപടിയെടുക്കും. നാളെ കണ്ണൂർ ജില്ലാകമ്മിറ്റിയും മറ്റന്നാൾ ജില്ലാ കമ്മിറ്റിയും ചേർന്ന് നടപടി തീരുമാനിക്കും. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കും. സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയായിരിക്കും നടപടി പ്രഖ്യാപിക്കുക.
യു,ഡി.എഫ് അധികാരത്തിൽ വരികയാണെങ്കിൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുകയെന്നും അതോടെ മാറാടുകൾ ആവർത്തിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു. മലപ്പുറത്തെയും കാസർകോട്ടെയും ജനപ്രതിനിധികളുടെ പേരുകൊണ്ടു മതം തിരയണമെന്ന തരത്തിലുള്ള സജി ചെറിയാന്റെ പരാമർശമാണ് വിവാദമായത്. പിന്നാലെ ഖേദം പ്രകടിപ്പിച്ചെങ്കിലും താൻ പറഞ്ഞതിൽ തെറ്റുണ്ടെന്ന് സമ്മതിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല.