ലിറ്ററസി പരീക്ഷയ്ക്ക് 2050 പേർ
Sunday 25 January 2026 12:09 AM IST
തൃശൂർ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ( ഉല്ലാസ്) പദ്ധതിയുടെ മൂന്നാം ഘട്ടം പരീക്ഷയിൽ ജില്ലയിൽ 2050 പേർ സാക്ഷരതാ പരീക്ഷ എഴുതും. ഇതിൽ 1640 സ്ത്രീകളും 410 പുരുഷൻമാരുമാണ്. 97 കേന്ദ്രങ്ങളിലായി ഇന്നാണ് പരീക്ഷ നടക്കുന്നത്. ജില്ലയിൽ കടങ്ങോട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷ എഴുതുന്നത്. 315 പേരാണ് ഇവിടെ. വാചകം ,എഴുത്ത്, ഗണിതം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 150 മാർക്കിനാണ് പരീക്ഷ നടക്കുക. മൂന്ന് മണിക്കൂർ ആണ് പരീക്ഷാ സമയം. പരീക്ഷാ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു. മികവുത്സവം വിജയികൾക്ക് തുടർപഠനത്തിന് 4-ാം തരം തുല്യതാ കോഴ്‌സിൽ ചേർന്ന് പഠിക്കാവുന്നതാണ്.