കതിർമണ്ഡപത്തിൽ നവവധുവിന്റെ ആദ്യനോവൽ:  ജിംനയുടെ സ്വപ്നങ്ങൾക്കൊപ്പം ഇനി സതീഷും

Saturday 24 January 2026 10:15 PM IST

കണ്ണൂർ: ജീവിതത്തിലെ രണ്ട് സുപ്രധാന നിമിഷങ്ങളെ ഒരേസമയം ആഘോഷിക്കാനുള്ള അപൂർവ അവസരമാക്കി യുവ എഴുത്തുകാരിയും ആങ്കറും വോയ്സ് ഓവർ ആർട്ടിസ്റ്റുമായ ജിംന കാർത്തിക. തന്റെ വിവാഹമണ്ഡപം തന്നെ ആദ്യ നോവലായ ഭദ്ര‌യുടെ പ്രകാശന വേദിയാക്കിയാണ് സാഹിത്യത്തോടുള്ള ജിംന അറിയിച്ചത് . ചക്കരക്കലിലെ ജിംനയുടെ ഭവനത്തിൽ നടന്ന വിവാഹശേഷം കതിർമണ്ഡപത്തിൽ തന്നെയാണ് പ്രശസ്ത ഷെഫ് നളൻ ഭദ്ര പ്രകാശനം ചെയ്തത്. വിവാഹമണ്ഡപത്തിൽ തന്നെ ആദ്യപുസ്തകം പ്രകാശനം ചെയ്യണമെന്ന ജിംനയുടെ ആഗ്രഹത്തിന് വരൻ സതീഷ് കുമാർ പൂർണ പിന്തുണ നൽകുകയായിരുന്നു. വരൻ സതീഷ് കുമാറാണ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങിയത്.പിതാവ് പ്രസന്നനും മാതാവ് രജിതയുമടക്കമുള്ളവരും ജിംനയുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ കൂടെ നിന്നു. സൗഹൃദം, പ്രണയം, വിരഹം, സമകാലിക മാറ്റങ്ങൾ എന്നിവയെ സംവേദനാത്മകമായി അവതരിപ്പിക്കുന്ന നോവലാണ് 'ഭദ്ര‌യെന്ന് ജിംന പറഞ്ഞു. കോളേജ് ജീവിതത്തിന്റെ മധുരത്തിൽ നിന്ന് പക്വതയുടെ യാഥാർഥ്യങ്ങളിലേക്കുള്ള യാത്രയാണ് കഥയെന്നും നവവധു വിശദീകരിച്ചു.