പേരാവൂരിൽ ആനമതിലും സോളാർ വേലിയും പൂർത്തിയാക്കും

Saturday 24 January 2026 11:00 PM IST

ഇരിട്ടി: പേരാവൂർ നിയോജകമണ്ഡലത്തിലെ മലയോര പഞ്ചായത്തുകളിൽ രൂക്ഷമായിരിക്കുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി അഡ്വ. സണ്ണി ജോസഫ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേർന്നു. ഇരിട്ടി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും ഇരിട്ടി തഹസിൽദാരും പങ്കെടുത്തു.

ജനവാസ മേഖലകളിലിറങ്ങുന്ന കടുവ, പുലി, കാട്ടാന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങൾ ഉയർത്തുന്ന ഭീഷണി നേരിടാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് എം .എൽ.എ വ്യക്തമാക്കി. ആറളം ആനമതിൽ പൂർത്തീകരിക്കുന്നതിനും, വിവിധ പഞ്ചായത്തുകളിൽ അനുവദിച്ച സോളാർ തൂക്കുവേലികളുടെ നിർമ്മാണം വേഗത്തിലാക്കുന്നതിനും മറ്റു പ്രവർത്തികൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കേളകത്ത് തകർന്ന ആനമതിൽ പുനർനിർമ്മിക്കാനുള്ള നടപടികളും വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ,​ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ,​അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ,​ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.