വി.എച്ച്.പി നേതാവിന് ആക്രമണം; മദ്ധ്യപ്രദേശിൽ സംഘർഷം, നിരവധി പേർ അറസ്റ്റിൽ

Sunday 25 January 2026 3:02 AM IST

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വി.എച്ച്.പി നേതാവിന് നേരെയുണ്ടായ ആക്രമണം സംഘർഷാവസ്ഥയിലെത്തി. ഇരുവിഭാവങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം ആക്രമണത്തിലേക്കെത്തുകയായിരുന്നു. 20ലേറെ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉജ്ജയിൻ ജില്ലയിലെ തരാനയിൽ വ്യാഴാഴ്ചയാണ് സംഭവം. വി.എച്ച്.പിയുടെ ഗോ സേവാ പ്രകോഷ്ടയുടെ പ്രാദേശിക തലവനായ സോഹൽ താക്കൂർ ബുണ്ടേലയെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ ഇരു സംഘങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഏറ്റുമുട്ടലുണ്ടാകുകയുമായിരുന്നു. പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ കത്തിക്കുകയും വീടുകളും കടകളും തകർക്കുകയും ചെയ്‌തു. 11 ബസുകളും നിരവധി കാറുകളും ബൈക്കുകളും നശിപ്പിച്ചെന്നാണ് റിപ്പോർട്ട്. വടിവാളുൾപ്പെടെയുള്ള ആയുധങ്ങളുമായി ചിലർ വീടുകളിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചെന്ന് പ്രദേശവാസികൾ പറയുന്നു. രണ്ടു ദിവസമായി പ്രദേശത്ത് അക്രമം വ്യാപിക്കുകയായിരുന്നെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ ശക്തമാണെന്നും പൊലീസ് അറിയിച്ചു.