അവഗണിച്ചെന്നത് തരൂരിന്റെ തോന്നൽ; രാഹുൽ
ന്യൂഡൽഹി: കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ അവഗണിച്ചെന്നത് ശശി തരൂരിന്റെ തോന്നൽ മാത്രമാണെന്ന് രാഹുൽ ഗാന്ധി. ഡൽഹിയിലെത്തിയ കേരളത്തിലെ കോൺഗ്രസ് നേതാക്കളോടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിനു മുന്നോടിയായി തനിക്കു ലഭിച്ച പട്ടികയിൽ തരൂരിന്റെ പേരില്ലായിരുന്നു. അതിനാലാണ് പേര് പരാമർശിക്കാത്തത്. എന്നാൽ വിഷയം സംബന്ധിച്ച് പൊതുചർച്ചയ്‌ക്ക് താത്പര്യമില്ലെന്ന നിലപാടിലാണ് തരൂർ. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ വെള്ളിയാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ തരൂരിന്റെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മദ്ധ്യകേരളത്തിൽ നേട്ടമുണ്ടാക്കാൻ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു,ഡി.എഫിൽ എത്തിക്കണമെന്ന് രാഹുൽ നിർദ്ദേശം നൽകിയെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങണം. യോഗ്യതയും അർഹതയും നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും നേതാക്കൾക്ക് സന്ദേശം നൽകി.