പുതുവീര്യത്തോടെ, യു.ഡി.എഫ് കരുത്തുറ്റ തിരിച്ചുവരവിന്

Sunday 25 January 2026 12:07 AM IST

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസം. നേരത്തെക്കൂട്ടിയുള്ള മുന്നൊരുക്കം. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ട യു.ഡി.എഫ് വൻ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ രണ്ടുപ്രാവശ്യവും ഓരോ സീറ്റ് നേടിയ മുന്നണി സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നുകഴിഞ്ഞു. ചാലക്കുടിയിൽ നിന്ന് സനീഷ് കുമാർ ജോസഫിന്റേത് മാത്രമായിരുന്നു ആശ്വാസ ജയം. സംസ്ഥാനതലത്തിലാണ് യു.ഡി.എഫ് സീറ്റ് വിഭജനചർച്ചകൾ നടക്കുന്നത്. ഘടകകക്ഷിയായ മുസ്ലീം ലീഗിന് ഗുരുവായൂരും കേരള കോൺഗ്രസിന് ഇരിങ്ങാലക്കുടയിലും സീറ്റ് നൽകിയേക്കും. അതേസമയം ഗുരുവായൂർ കോൺഗ്രസ് ഏറ്റെടുത്ത് പകരം പട്ടാമ്പി ലീഗിന് നൽകാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഗുരുവായൂർ പ്രതാപൻ ഇറങ്ങിയേക്കും. ടി.എൻ.പ്രതാപന് മണലൂരിൽ നോട്ടമുണ്ടെങ്കിലും ജോസ് വള്ളൂർ, സി.സി.ശ്രീകുമാർ എന്നിവരുടെ പേരാണ് ഉയരുന്നത്. നാട്ടികയിൽ കഴിഞ്ഞതവണ മത്സരിച്ച സുനിൽ ലാലൂരിന് പുറമേ കെ.വി.ദാസൻ, സി.സി.ശ്രീകുമാർ എന്നിവരുടെ പേരും പുറത്തുവരുന്നുണ്ട്. ചാലക്കുടിയിൽ സനീഷ് കുമാർ ജോസഫ് തന്നെ മത്സരിച്ചേക്കും. തൃശൂരിൽ ഇത്തവണ വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. മുൻ മേയർ രാജൻ പല്ലന്റെ പേരിനാണ് മുൻതൂക്കം. ഡി.സി.സി പ്രസിഡന്റുമാർക്ക് മത്സരിക്കാൻ അനുവാദം നൽകിയാൽ ജോസഫ് ടാജറ്റിനെയും പരിഗണിച്ചേക്കും. പുതുക്കാടും ടാജറ്റിന്റെ പേര് ഉയർന്നേക്കാം. അതേസമയം കഴിഞ്ഞതവണ പുതുക്കാട് മത്സരിച്ച സുനിൽ അന്തിക്കാട് വീണ്ടും രംഗത്തുണ്ട്. വടക്കാഞ്ചേരിയിലേക്ക് കെ.അജിത്കുമാർ, ജോസ് വള്ളൂർ, രാജേന്ദ്രൻ അരങ്ങത്ത്, ചേലക്കരയിൽ രമ്യ ഹരിദാസ്, കെ.എ.തുളസി എന്നിവരെയും പരിഗണിച്ചേക്കും. കൊടുങ്ങല്ലൂരിൽ സോണിയ ഗിരി മത്സരിക്കാനുള്ള സാദ്ധ്യതയേറെയാണ്. ടി.എൻ.പ്രതാപനെയും പരിഗണിക്കാനിടയുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഓ.ജെ.ജനീഷും പരിഗണനയിലുണ്ട്. ഒല്ലൂരിൽ ഷാജി കോടങ്കണ്ടത്തിന്റെ പേരിനാണ് മുൻതൂക്കം. കഴിഞ്ഞതവണ ജോസ് വള്ളൂരായിരുന്നു സ്ഥാനാർത്ഥി. കുന്നംകുളത്ത് കഴിഞ്ഞ തവണ മത്സരിച്ച കെ.ബി.ശ്രീകുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ എന്നിവരുടെ പേരുകളുമുണ്ട്. കയ്പമംഗലത്ത് ശോഭ സുബിനെ പരിഗണിക്കാനിടയില്ല. ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ തന്നെ ഒരിക്കൽ കൂടി മത്സര രംഗത്തേക്ക് വന്നേക്കും.

യു.ഡി.എഫിന് നിയമസഭയിലേക്ക് ലഭിച്ച വോട്ടുകൾ

ചേലക്കര 44,015 (52,626 ഉപതിരഞ്ഞെടുപ്പ്) കുന്നംകുളം 48,901 ഗുരുവായൂർ 58,804 മണലൂർ 48,461 വടക്കാഞ്ചേരി 65,858 ഒല്ലൂർ 55,151 തൃശൂർ 43,317 നാട്ടിക 44,499 കയ്പ്പമംഗലം 50,463 ഇരിങ്ങാലക്കുട 56,544 പുതുക്കാട് 46,012 ചാലക്കുടി 60,681 കൊടുങ്ങല്ലൂർ 71,457.