പേട്ടയിലെ റോഡുകളിൽ ഭീതി നിറച്ച് 'മിന്നലോട്ടക്കാർ'; തിരിഞ്ഞുനോക്കാതെ പൊലീസും എംവിഡിയും
കമ്മിഷണർ കാണുന്നുണ്ടോ...?
തിരുവനന്തപുരം: ഇരമ്പിപ്പാഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങൾ കാൽനടക്കാരന്റെയോ മറ്റു വാഹനത്തിന്റേയോ പുറത്തേക്ക് എപ്പോൾ വേണമെങ്കിലും ഇടിച്ചുകയറാം. അമ്മാതിരി പോക്കാണ് പുതിയ തലമുറയിലെ ഒരു വിഭാഗത്തിന്റേത്. പേട്ട പൊലീസ് സ്റ്റേഷന്റെ മൂക്കിനു കീഴെയാണ് ഈ സംഭവങ്ങളെങ്കിലും വെറുതെ കാഴ്ചക്കാരായി നിൽക്കുകയാണ് പൊലീസും എം.വി.ഡിയും. ഒരാഴ്ചക്കിടെ പേട്ടയിൽ അമിത വേഗത്തിലുണ്ടായ അപകടത്തിൽ രണ്ട് ജീവനുകൾ പൊലിഞ്ഞിട്ടും ഇതാണ് സ്ഥിതി,
ബൈപ്പാസായാലും ഇടറോഡായാലും ഒരേ മട്ടിലാണ് വണ്ടിയോടിപ്പ്. നടന്നുപോകുന്നവരുടേയും മിതമായ വേഗതയിൽ വാഹനമോടിച്ചു പോകുന്നവരുടേയും നെഞ്ച് കിടുങ്ങുന്ന വിധത്തിൽ ഉച്ചത്തിലുള്ള ശബ്ദത്തിലും അമിത വേഗത്തിലുമാണ് ഇത്തരക്കാർ 'പൊളന്നോണ്ട്' പോകുന്നത്.
പേട്ട റെയിൽവേ സ്റ്റേഷൻ മുതൽ പ്രധാന റോഡുവരെ ഏതാനും മീറ്രർ നീളമാണുള്ളത് നിരവധി സ്ഥാപനങ്ങളും കടകളും ഉള്ള സ്ഥലം ട്രെയിനിറങ്ങി യാത്രക്കാർ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന റോഡ്. ഇവിടെയും രാത്രിയെന്നോ പകലെന്നോ നോക്കാതെയാണ് ബൈക്കുകൾ ചീറിപ്പായുന്നത്. റോഡുകളിൽ ഇടതു സൈഡിലൂടേയും വലതുസൈഡിലൂടെയുമൊക്ക മാറിമാറി ചെത്തിപ്പറക്കുകയാണ്.
മറ്റെല്ലാ ഗതാഗത നിയമലംഘനങ്ങൾക്കും പെറ്റി ചുമത്താൻ വലിയ താത്പര്യം കാണിക്കുന്ന പൊലീസും മോട്ടോർ വാഹന വകുപ്പും മറ്റുള്ളവരുടെ ജീവന് ഭീഷണിയുമായി പായുന്ന മിന്നലോട്ടക്കാരെ തൊടില്ല!
അമിത വേഗത തിരിച്ചറിഞ്ഞ് വാഹനനമ്പർ രേഖപ്പെടുത്തുന്ന ക്യാമറകൾ നിരത്തുകളിൽ കുറവാണ്. പൊലീസിന്റെ പക്കൽ സ്പീഡ് ക്യാമറകൾ ഉണ്ടെങ്കിലും അതുമായി ബൈപ്പാസിൽ പോയി നിന്ന് പെറ്റിയെണ്ണം കൂട്ടുകയാണ് പൊലീസ് ചെയ്യുന്നത്. മറ്റ് റോഡുകളിലൊന്നും പൊലീസ് മിന്നൽപ്പാച്ചിലുകാരെ പിടിക്കാൻ ശ്രമിക്കാറില്ല. പുതിയ കമ്മിഷണർ ഈ വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ഒരു സ്പോട്ടിൽ മിന്നിപ്പായുന്നവരെ കുറിച്ചുള്ള വിവരം തൊട്ടടുത്തുള്ള സ്പോട്ടിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ അറിയിച്ചാൽ പിടിക്കാവുന്നതേയുള്ളൂ. പക്ഷെ, അതിനൊരു ശ്രമം കൂടി വേണം. അതാണ് ഉണ്ടാകാത്തത്.ഏകീകൃത പരിശ്രമത്തിലൂടെ മാത്രമേ ഇതിനു പരിഹാരം കാണാൻ കഴിയുകയുള്ളൂ.
300 മുതൽ 650 സി.സി വരെയുള്ള ബൈക്കുകളാണ് മിന്നൽപ്പാച്ചിലുകാർ അധികവും ഉപയോഗിക്കുന്നത്. പിറകിൽ ഒരു പെൺകുട്ടി കൂടിയുണ്ടെങ്കിൽ 'റോഡ് ഷോ'യുടെ മട്ടും ഭാവവും കൂടും.
നിശബ്ദമായ പാച്ചിലും അപകടം
ഇ സ്കൂട്ടറുകളുടെ മിന്നൽപ്പാച്ചിലും അപകടങ്ങളുണ്ടാക്കുന്നു. മറ്റ് വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നത് ശബ്ദം കൊണ്ട് തിരിച്ചറിയാനാകും. ഇ വാഹനങ്ങളുടേത് അങ്ങനെയല്ല, അടുത്തെത്തുമ്പോഴായിരിക്കും അറിയുന്നത്. അതുകൊണ്ടുതന്നെ അപകടസാദ്ധ്യത കൂടുതലാണ്. അത് മനസിലാക്കാത്തത് ഇ വാഹനങ്ങളിൽ പായുന്നവരാണ്. ദിശ തെറ്റിച്ചുള്ള ഓവർടേക്കിംഗ് കാരണമാണ് ഇ വാഹനങ്ങൾ കൂടുതലായി അപകടമുണ്ടാക്കുന്നത്.