'സ്വയംവര'ത്തിലെ വിശ്വനെ കാണാൻ സീത എത്തി മധുവിനെ വീട്ടിലെത്തി കണ്ട് നടി ശാരദ
തിരുവനന്തപുരം: നടൻ മധുവിനെ കണ്ണമ്മൂലയിലെ വസതിയിലെത്തി കണ്ട് നടി ശാരദ.വർഷങ്ങൾക്ക് ശേഷമാണ് ഇവർ പരസ്പരം കാണുന്നത്.'സ്വയംവരം' സിനിമയിൽ മധു അവതരിപ്പിച്ച വിശ്വന്റെ സീതയായിരുന്നു ശാരദ. 'തുലാഭാര'ത്തിൽ ശാരദ 'വിജയ' ആയപ്പോൾ മധു 'ബാബു'വായിരുന്നു.ജെ.സി.ഡാനിയൽ പുരസ്കാരം സ്വീകരിക്കാനായി ഇന്നലെ തിരുവനന്തപുരത്ത് എത്തിയതാണ് ശാരദ.മധുവിനെ കാണാൻ കണ്ണമ്മൂലയിലെ വസതിയിലേക്കാണ് ആദ്യം പോയത്.
കൂടിക്കാഴ്ചയിൽ സ്വയംവരവും തുലാഭാരവുമൊക്കെ ചർച്ചയായി.ഏറെനേരം സംസാരിച്ചു.അഭിനയ നാളുകളിലെ രസകരമായ അനുഭവങ്ങൾ പങ്കുവച്ചു. ''ഞാനും മധുസാറും ഒന്നിച്ചഭിനയിക്കുന്നത് 1971ലെ 'ആഭിജാത്യ'ത്തിലൂടെയാണ്.എനിക്ക് ദേശീയ അവാർഡ് ലഭിച്ച 'സ്വയംവര'ത്തിലേയും 'തുലാഭാര'ത്തിലേയും നായകൻ മധുസാറായിരുന്നു.എന്റെ ലക്കി ഹീറോയാണ്.''- ശാരദ പറഞ്ഞു.
അദ്ദേഹം നിർമ്മിച്ച ചിത്രങ്ങളിൽ എനിക്കും ഞാൻ നിർമ്മിച്ച ചിത്രങ്ങളിൽ മധുസാറിനും അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്.സത്യൻമാഷെക്കാളും നസീർസാറിനെക്കാളും മലയാള സിനിമയ്ക്ക് സംഭാവനകൾ ഉണ്ടായത് മധുസാറിൽ നിന്നാണെന്നും ശാരദ പറഞ്ഞു.സ്വാഭാവിക അഭിനയമാണ് ശാരദയുടെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മധു പറഞ്ഞു.ഏത് നായികയോടാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ 'എനിക്കെല്ലാവരും ഒരുപോലെയാണ്' എന്നായിരുന്നു മറുപടി. ശാരദ മധുവിനെ ഷാൾ അണിയിച്ചു. മധുവിന്റെ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ഒപ്പമുണ്ടായിരുന്നു.