കൊലക്കേസ് പ്രതിയെ വിട്ടയച്ചു
Sunday 25 January 2026 12:42 AM IST
കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ സുഹൃത്തിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കോട്ടുക്കൽ ജയ വിലാസം വീട്ടിൽ ഉദയനെ (45) കൊല്ലം അഞ്ചാം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് ബിന്ദു സുധാകരൻ വെറുതെ വിട്ടു. അഞ്ചൽ ആലംകോട് നന്ദു ഭവനിൽ വിപിനെ (25) ആക്രമിച്ചെന്നായിരുന്നു പരാതി.
2021 ഡിസംബർ 26ന് ഉച്ചയ്ക്ക് 2നാണ് സംഭവം. ഉദയൻ കുപ്പിയിൽ കരുതിയിരുന്ന ആസിഡ് വിപിന്റെ മുഖത്തും ദേഹത്തും ഒഴിച്ചു. കൂട്ടുകാരനായ ശാന്തി വിലാസം വീട്ടിൽ ഷൈജുവിനും സംഭവത്തിൽ പൊള്ളലേറ്റെന്നും പരാതിയിലുണ്ട്. പ്രോസിക്യൂഷന് കുറ്റം തെളിയിക്കാൻ കഴിയാത്തതിനാലാണ് പ്രതിയെ വെറുതെ വിട്ടത്. അഭിഭാഷകരായ ചവറ ജി. പ്രവീൺകുമാർ, ജയൻ എസ്.ജില്ലാരിയോസ്, കല്ലുംതാഴം ഉണ്ണിക്കൃഷ്‌ണൻ എന്നിവർ പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായി.