കാണിക്ക എണ്ണുന്നതിനിടയിൽ മോഷണത്തിനുശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ
Sunday 25 January 2026 12:44 AM IST
ഹരിപ്പാട്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടയിൽ പണം മോഷ്ടിക്കാൻ ശ്രമിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വാച്ചറായ കുമാരപുരം പോത്തപ്പള്ളി തെക്ക് രാകേഷ് കൃഷ്ണൻ (40) ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ദേവസ്വം അസിസ്റ്റന്റ് കമ്മീഷനർ ജയലക്ഷ്മിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ കാണിക്ക വഞ്ചികളിലെ പണം എണ്ണുന്നതിനിടയിൽ പ്ലാസ്റ്റിക് ചാക്കും മറ്റും കൊണ്ടുവരുന്നതിനായി ഉള്ള കാർഡ് ബോർഡ് പെട്ടിയിലേക്ക് നോട്ടുകെട്ടുകൾ ചുരുട്ടി ഇടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ കയ്യോടെ പിടികൂടുകയായിരുന്നു. 32300 രൂപയാണ് ഇതിൽ നിന്നും കണ്ടെടുത്തത്.