കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കുരങ്ങ്,​ രക്ഷയായി ഡയപ്പർ

Sunday 25 January 2026 12:53 AM IST

റായ്പുർ: അമ്മയുടെ കൈയിലിരുന്ന 20 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിപ്പറിച്ച് കിണറ്റിലെറിഞ്ഞ് കുരങ്ങ്. പത്ത് മിനിറ്റോളം വെള്ളത്തിൽ മുങ്ങിത്താഴാതെ കുഞ്ഞിനെ കാത്തത് ഡയപ്പർ. ഛത്തീസ്ഗഢിലെ ജഞ്ച്ഗിർ- ചമ്പ ജില്ലയിലെ സെവ്‌നി ഗ്രാമത്തിലാണ് കുഞ്ഞിന് അദ്ഭുത രക്ഷ. അമ്മ സുനിത റാത്തോഡ് വീട്ടുവരാന്തയിലിരുന്ന് കുഞ്ഞിന് പാൽ കൊടുക്കുമ്പോഴാണ് സംഭവം. നാലഞ്ച് കുരങ്ങുകൾ സമീപത്തെ വീടിനുമുകളിലുണ്ടായിരുന്നു. ഇതിനിടെ,​ ഒരു കുരങ്ങ് കുഞ്ഞിനെ തട്ടിപ്പറിച്ച് മേൽക്കൂരയിലേക്കോടി.

സുനിതയുടെ നിലവിളി കേട്ട് ഗ്രാമവാസികൾ കുരങ്ങിനെ പിന്തുടർന്നെങ്കിലും കുഞ്ഞിനെ കാണാതായി. തെരച്ചിലിനിടയിൽ കിണറ്റിൽ പൊങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡയപ്പർ നനഞ്ഞുവീർത്തതോടെ കുഞ്ഞ് മുങ്ങിത്താഴാതെ കിടന്നു. നാട്ടുകാർ

ബക്കറ്റ് ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തു. സംഭവ സമയം നഴ്സ് രാജേശ്വരി സ്ഥലത്തുണ്ടായത് രക്ഷയായെന്ന് കുഞ്ഞിന്റെ പിതാവ് അരവിന്ദ് റാത്തോഡ് പറയുന്നു. അവർ കുഞ്ഞിന് അടിയന്തര സി.പി.ആർ നൽകി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.