വൻ ലഹരിമരുന്ന് വേട്ട; 157 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

Sunday 25 January 2026 1:10 AM IST

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്നുവേട്ട.157 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി.

പേട്ട റെയിൽവേ സ്റ്രേഷനു മുൻവശത്തെ ആരോഗ്യകേന്ദ്രത്തിനു സമീപത്തുവച്ചാണ് ബൈക്കിലെത്തിയ ആനയറ കുടവൂർ പുളിക്കൽ വീട്ടിൽ നന്ദു (30), നെടുമങ്ങാട് അരുവിക്കര ചെറിയകൊണ്ണി സ്വദേശി നന്ദ ഹരി (25) എന്നിവരെ ഇന്നലെ രാവിലെ 10 ഓടുകൂടി എക്സൈസ് സംഘം പിടികൂടിയത്. വിപണിയിൽ ഏകദേശം പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ബംഗളൂരുവിൽ നിന്നാണ് പ്രതികൾ എത്തിച്ചതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി മറ്റു സ്റ്റേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. കേസിൽ ആനയറ സ്വദേശി ശരൺ.എം.എസ്, ഡേവി‌‌ഡ് എന്നിവർക്കും ബന്ധമുണ്ടെന്നും വരുംദിവസങ്ങളിൽ അറസ്റ്റിലേക്ക് കടക്കുമെന്നും എക്സൈസ് പറഞ്ഞു. നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. മുകേഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്,സുബിൻ, ശരത്, ബിനോജ്,ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, റജീന തുടങ്ങിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.