അമ്മയുടെയും മകളുടെയും ആത്മഹത്യ; പ്രതിയെ പൂന്തുറയിൽ എത്തിച്ചു

Sunday 25 January 2026 1:19 AM IST

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ മുംബയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതി ഉണ്ണിക്കൃഷ്ണനെ പൂന്തുറ സ്റ്റേഷനിലെത്തിച്ചു.മുംബയിൽ നിന്ന് വിമാനത്തിൽ കൊച്ചിയിലെത്തിച്ച പ്രതിയെ,​പൂന്തുറ പൊലീസ് റോഡ് മാർഗമാണ് സ്റ്റേഷനിലെത്തിച്ചത്.ഇനി കോടതിയിൽ ഹാജരാക്കും.

ഉണ്ണിക്കൃഷ്ണനെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ടായിരുന്നതിനാൽ,ഗാർഹിക പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് പൂന്തുറ പൊലീസ് കേസെടുത്തിട്ടുള്ളത്.

ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ചയാണ് മുംബയ് വിമാനത്താവളത്തിൽ നിന്ന് ഇയാൾ പിടിയിലായത്.തുടർന്നാണ് പൂന്തുറ പൊലീസിന്റെ നേതൃത്വത്തിൽ മുംബയിലെത്തി ഉണ്ണിക്കൃഷ്ണനെ അറസ്റ്റ്‌ ചെയ്തത്.അന്ധേരി കോടതിയിൽ ഹാജരാക്കി,കോടതി നിർദ്ദേശപ്രകാരം പ്രതിയെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ ഗ്രീമ.എസ്.രാജിനെയും അമ്മ എസ്.എൽ.സജിതയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയ്ക്ക് കാരണം മകളുടെ ഭർത്താവായ ഉണ്ണിക്കൃഷ്ണനാണെന്ന വാട്സാപ്പ് സന്ദേശം സജിത മരിക്കും മുൻപ് ബന്ധുക്കൾക്ക് അയച്ചിരുന്നു.കേവലം 25 ദിവസം കൂടെ താമസിച്ചശേഷം ഉണ്ണിക്കൃഷ്ണൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു സന്ദേശം. ആറുവർഷത്തെ മാനസിക പീഡനവും അപമാനവുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യകുറിപ്പിലുള്ളത്. അതേസമയം, ഉണ്ണിക്കൃഷ്ണനെ ന്യായീകരിച്ച് കുടുംബം രംഗത്തുവന്നു.സജിതയ്ക്ക് ഗ്രീമയോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യപ്രശ്നങ്ങൾക്ക് കാരണമെന്ന് സഹോദരൻ ബി.എം.ചന്തു മാദ്ധ്യമങ്ങളോട് പറഞ്ഞു. ദമ്പതികൾക്ക് യാതൊരു സ്വകാര്യതയും നൽകിയില്ല.രണ്ടുവട്ടം കൗൺസലിംഗ് നടത്തിയിട്ടും മാറ്റമുണ്ടായില്ലെന്നും ഇവർ പറയുന്നു.