യു.എസിൽ ഇമിഗ്രേഷൻ ഏജന്റ് യുവാവിനെ വെടിവച്ചു കൊന്നു
വാഷിംഗ്ടൺ: യു.എസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ യുവാവിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 9ന് മിനസോട്ട സംസ്ഥാനത്തെ മിനിയപൊലിസിലായിരുന്നു സംഭവം. 37 വയസുള്ള യു.എസ് പൗരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല.
ആക്രമണ കേസിൽ പ്രതിയായ ഒരു അനധികൃത കുടിയേറ്റക്കാരനെ തിരയുന്നതിനിടെ, കൊല്ലപ്പെട്ട യുവാവ് തോക്കുമായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ഐ.സി.ഇ) ഏജന്റുമാർക്ക് മുന്നിലേക്ക് പാഞ്ഞെത്തിയെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന്റെ വിശദീകരണം. യുവാവ് അക്രമാസക്തനായിരുന്നെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഏജന്റുമാരിൽ ഒരാൾ അയാളെ വെടിവച്ചെന്നും ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
അതേ സമയം, വെടിയേൽക്കുന്നതിന് മുന്നേ യുവാവിന്റെ പക്കലുണ്ടായിരുന്ന തോക്ക് ഏജന്റുമാർ പിടിച്ചെടുത്തിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളായ മിനിയപൊലിസ് മേയർ ജേക്കബ് ഫ്രേയും മിനസോട്ട ഗവർണർ ടിം വാൽസും നടപടിയെ അപലപിച്ചു.
അതേ സമയം, മിനിയപൊലിസിൽ ഈ മാസം ഇതു രണ്ടാം തവണയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെടുന്നത്. കഴിഞ്ഞ 7ന് അമേരിക്കൻ പൗരയും മൂന്ന് കുട്ടികളുടെ അമ്മയുമായ റെനി നിക്കോൾ ഗുഡിനെ (37) ഇമിഗ്രേഷൻ ഏജന്റ് വെടിവച്ച് കൊന്നത് വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. റെനി ഉദ്യോഗസ്ഥനെ കാറിടിപ്പിക്കാൻ ശ്രമിച്ചെന്നും ഇതാണ് വെടിവയ്പിലേക്ക് നയിച്ചതെന്നുമാണ് സർക്കാർ നൽകിയ വിശദീകരണം.
അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ മിനസോട്ടയിൽ പ്രാദേശിക ഭരണകൂടത്തിന്റെ എതിർപ്പ് അവഗണിച്ച് 3,000 ത്തിലേറെ ഇമിഗ്രേഷൻ ഏജന്റുമാരെയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം വിന്യസിച്ചിട്ടുള്ളത്. ഏജന്റുമാർ മനുഷ്യത്വരഹിതമായി പെരുമാറുന്നെന്ന് ആരോപിച്ച് പ്രതിഷേധങ്ങൾ തുടരവെയാണ് പുതിയ സംഭവം.