ടിവികെ ഭാരവാഹികളുടെ നിർണായക യോഗം ഇന്ന്; ഒരു മാസത്തിനുശേഷം പാർട്ടിയിൽ സജീവമാകാനൊരുങ്ങി വിജയ്
ചെന്നൈ: സിബിഐ ചോദ്യം ചെയ്യലിന് ഹാജരായി ദിവസങ്ങൾക്കുശേഷം തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനൊരുങ്ങി അദ്ധ്യക്ഷൻ വിജയ്. ഇന്ന് മഹാബലിപുരത്താണ് യോഗം. ഒരുമാസത്തിനുശേഷമാണ് വിജയ് പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാൻ പോകുന്നത്. സിബിഐ ചോദ്യം ചെയ്യൽ വിഷയങ്ങളിൽ വിജയ് പ്രതികരിക്കുമോയെന്ന ആകാംഷയിലാണ് എതിർപാർട്ടികൾ. രാവിലെ പത്തരയ്ക്കുശേഷമാണ് യോഗം. ടിവികെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം അനുവദിച്ചതിനുശേഷമുള്ള ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്.
തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ പ്രവർത്തനങ്ങളിൽ വിജയ് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. ഡിസംബർ 18ന് ഈറോഡിൽ നടന്ന പൊതുയോഗത്തിലും വിജയ് പങ്കെടുത്തിരുന്നു. നാലു ദിവസത്തിനുശേഷം മഹാബലിപുരത്ത് ടിവികെയുടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തെങ്കിലും ബൈബിൾ വചനങ്ങൾ ഉദ്ധരിച്ച് ചുരുക്കം വാക്കുകളിൽ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്യെ പ്രതി ചേർക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേസിൽ ഫെബ്രുവരി രണ്ടാം ആഴ്ചയോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. ജനുവരി 19നും ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. വിജയ്ക്കൊപ്പം തമിഴ്നാട് പൊലീസിലെ എഡിജിപി ഉൾപ്പെടെയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർക്കുമെന്ന് സൂചനയുണ്ട്. ഇവർക്കെതിരെ മനഃപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നാണ് വിവരം. ജനുവരി 12ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിൽ വിജയ്ക്ക് മുമ്പിൽ 90 ചോദ്യങ്ങളാണ് സിബിഐ നിരത്തിയത്. ഇതിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് രണ്ടാമത്തെ പ്രാവശ്യവും ചോദ്യം ചെയ്തത്.