ഭീഷണി തുടർന്ന് യു.എസ്: ഇറാനുമായി ബന്ധമുള്ള കപ്പലുകൾക്ക് ഉപരോധം

Sunday 25 January 2026 7:25 AM IST

വാഷിംഗ്ടൺ: ഇറാനുമായി ബന്ധമുള്ള 9 എണ്ണക്കപ്പലുകൾക്കും കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തി യു.എസ്. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് ഇറാനിൽ നിന്ന് അനധികൃതമായി എണ്ണ കടത്താൻ ഉപയോഗിക്കുന്ന രഹസ്യ ശൃംഖലയുടെ ഭാഗമാണിവയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കപ്പലുകളുടെ ഉടമസ്ഥാവകാശമോ നിയന്ത്രണമോ ഉള്ള ഇന്ത്യ,​ ഒമാൻ,​ യു.എ.ഇ ആസ്ഥാനമായുള്ള എട്ട് കമ്പനികളെയാണ് ഉപരോധ പട്ടികയിൽപ്പെടുത്തിയത്.

ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് തെരുവിലിറങ്ങിയ ജനങ്ങളെ അടിച്ചമർത്താൻ ധനസഹായം നൽകിയ സാമ്പത്തിക സ്രോതസുകളെ ലക്ഷ്യംവച്ചുള്ളതാണ് ഉപരോധമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു. ഇറാനിയൻ എണ്ണയും പെട്രോളിയം ഉത്പന്നങ്ങളും വിദേശ മാർക്കറ്റുകളിലെത്തിച്ച് കോടിക്കണക്കിന് ഡോളറുണ്ടാക്കാൻ ഈ കപ്പലുകൾ സഹായിച്ചെന്ന് യു.എസ് ആരോപിക്കുന്നു. ഇറാന് മേൽ സമ്മർദ്ദം ചെലുത്താൻ യു.എസിന്റെ വമ്പൻ നാവിക സന്നാഹം പേർഷ്യൻ ഉൾക്കടൽ ലക്ഷ്യമാക്കി നീങ്ങുന്നതിനിടെയാണ് ഉപരോധം.

യു.എസിന്റെ വിമാനവാഹിനിയായ യു.എസ്.എസ് എബ്രഹാം ലിങ്കണും യുദ്ധക്കപ്പലുകളും നിലവിൽ മലാക്ക കടലിടുക്ക് കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നീങ്ങുകയാണ്. യു.എസ് നേവിയുടെ രണ്ട് യുദ്ധക്കപ്പലുകളെ നേരത്തെ തന്നെ പേർഷ്യൻ ഉൾക്കടലിൽ വിന്യസിച്ചിരുന്നു.

ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. പ്രക്ഷോഭം തണുത്തതോടെ ട്രംപ് നിലപാട് മയപ്പെടുത്തി. ഇറാൻ ഭരണകൂടം പ്രകോപനം തുടർന്നാൽ സൈനിക ഇടപെടലുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.

 നേരിടാൻ സജ്ജം: ഇറാൻ

ഭീഷണികളെ നേരിടാൻ സർവ്വ സജ്ജമാണെന്നും തങ്ങൾക്കെതിരെയുള്ള ഏതൊരു ആക്രമണത്തെയും സമ്പൂർണ യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്നും ഇറാൻ യു.എസിന് മുന്നറിയിപ്പ് നൽകി. പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി സുരക്ഷിതനാണെന്നും അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയല്ലെന്നും മുംബയിലെ ഇറാൻ കോൺസുൽ ജനറൽ സയീദ് റെസാ മൊസായേബ് മൊത്ത്ലാഖ് പറഞ്ഞു.

തങ്ങൾക്ക് ഒരു വിദേശ ശക്തിയേയും ഭയമില്ലെന്നും ചിലർ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം,​ സംഘർഷ സാദ്ധ്യതകൾ കണക്കിലെടുത്ത് എയർ ഫ്രാൻസ്,​ ലുഫ്താൻസ തുടങ്ങി ഏതാനും എയർലൈനുകൾ ടെഹ്‌റാൻ,​ ദുബായ് അടക്കം മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി.

 ഇറാനെതിരെ പ്രമേയം: എതിർത്ത് ഇന്ത്യ

ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തെ ഇറാൻ ക്രൂരമായി അടിച്ചമർത്തിയെന്ന് കാട്ടി യു.എൻ മനുഷ്യാവകാശ കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യയും ചൈനയും അടക്കം 7 രാജ്യങ്ങൾ എതിർത്തു. 25 രാജ്യങ്ങൾ അനുകൂലിച്ചതോടെ പ്രമേയം പാസായി. പ്രക്ഷോഭം ഇറാന്റെ ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയടക്കം രാജ്യങ്ങളുടെ നിലപാട്. ഇന്ത്യയുടെ നിലപാടിന് ഇറാൻ നന്ദി അറിയിച്ചു.

പ്രക്ഷോഭത്തിനിടെ (ഡിസംബർ 28 മുതൽ) 3,117 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാരുടെ ഇടയിലേക്ക് തീവ്രവാദികൾ നുഴഞ്ഞുകയറി ആക്രമണങ്ങൾ നടത്തിയെന്നും യു.എസ് ഗൂഢാലോചനയാണ് പിന്നിലെന്നും ഇറാൻ ആരോപിച്ചിരുന്നു.