യുക്രെയിൻ: ചർച്ചയിൽ പുരോഗതിയില്ല
അബുദാബി: റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ യു.എസിന്റെ നേതൃത്വത്തിൽ യു.എ.ഇയിലെ അബുദാബിയിൽ നടന്ന രണ്ടു ദിവസം നീണ്ട ത്രികക്ഷി ഉന്നതതല ചർച്ച കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചു. അടുത്ത ആഴ്ച യു.എ.ഇയിൽ വീണ്ടും ചർച്ച നടത്താമെന്ന് ധാരണയായി. യുക്രെയിനിൽ നിന്ന് തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനൽകില്ലെന്ന് ഉറച്ചുനിൽക്കുകയാണ് റഷ്യ. റഷ്യ ആദ്യമായിട്ടാണ് യുക്രെയിൻ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായത്.
അതേ സമയം, ചർച്ച നടക്കുന്നതിനിടെ ഇന്നലെ പുലർച്ചെ റഷ്യ യുക്രെയിനിൽ ശക്തമായ വ്യോമാക്രമണം നടത്തി. യുക്രെയിന്റെ തലസ്ഥാനമായ കീവിൽ ഒരാൾ കൊല്ലപ്പെട്ടു. ഖാർക്കീവിൽ 27 പേർക്ക് പരിക്കേറ്റു. 375 ഡ്രോണുകളും 21 മിസൈലുകളും റഷ്യ യുക്രെയിന് നേരെ വിക്ഷേപിച്ചു. മിക്കതും തങ്ങൾ തകർത്തെന്ന് യുക്രെയിൻ അവകാശപ്പെട്ടു. ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടതോടെ യുക്രെയിന്റെ പലഭാഗത്തും വൈദ്യുതി വിതരണം താറുമാറായി. ചർച്ചകൾ തടസപ്പെടുത്താനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രെയിൻ കുറ്റപ്പെടുത്തി.