കാനഡയ്ക്ക് 100% തീരുവ ചുമത്തും: ട്രംപ്

Sunday 25 January 2026 7:26 AM IST

വാഷിംഗ്ടൺ: കാനഡയിൽ നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയുമായി വ്യാപാര കരാർ നേടിയെടുക്കാൻ ശ്രമിക്കുന്നതിന്റെ പേരിലാണ് ട്രംപിന്റെ ഭീഷണി. കാനഡ ചൈനയുമായി വ്യാപാര കരാറിലെത്തിയാൽ, ആ നിമിഷം യു.എസ് തീരുവ പ്രാബല്യത്തിൽ വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കും കാർഷിക ഉത്പന്നങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പ്രാഥമിക കരാറിന് ധാരണയായെന്ന് കാർണി അടുത്തിടെ ചൈനീസ് സന്ദർശനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ കാർഷിക ഉത്പന്നങ്ങൾക്കുള്ള തീരുവ കുറയ്ക്കുമെന്ന് ചൈനയും അറിയിച്ചിരുന്നു.

താൻ ആവിഷ്‌കരിച്ച അന്താരാഷ്ട്ര സംഘടനയായ 'സമാധാന ബോർഡി"ൽ ചേരാനായി കാനഡയ്ക്ക് നൽകിയ ക്ഷണം ട്രംപ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ കാർണി യു.എസ് നയങ്ങളെ വിമർശിച്ചതായിരുന്നു ഇതിന് കാരണം.