ഷിജിൻ സെക്സ് ചാറ്റിനടിമ; ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിന് മകൻ തടസമായി, പിന്നാലെ മർദിച്ച് കൊലപ്പെടുത്തി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരൻ ഇഖാനെ പിതാവ് ഷിജിൻ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ കൃഷ്ണപ്രിയ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഇപ്പോൾ പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്. ഷിജിൻ കൊടുംക്രിമിനലാണെന്നും പൊലീസ് കണ്ടെത്തി. ഇയാൾക്ക് ഇഖാനെ ഇഷ്ടമില്ലായിരുന്നുവെന്ന തരത്തിലുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം തന്നെ പൊലീസ് ശേഖരിച്ചിരുന്നു.
ഭാര്യയുമായുള്ള ശാരീരിക ബന്ധത്തിനും സെക്സ് ചാറ്റും തടസമായത് കുഞ്ഞിനോടുള്ള പകയ്ക്ക് കാരണമായെന്നും ഷിജിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. സെക്സ് ചാറ്റ് നടത്തുന്നതിനായി ഷിജിന് വാട്‌സാപ്പിൽ പ്രത്യേക ഗ്രൂപ്പുവരെയുണ്ടായിരുന്നു. കുഞ്ഞിനെ ഒപ്പം കിടത്തുമ്പോഴെല്ലൊം പുതപ്പ് കൊണ്ട് മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്റെ വീട്ടിൽ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു.
കൊലപാതകം നടന്ന രാത്രി ഷിജിൻ കൃഷ്ണപ്രിയയോടൊപ്പം ഇരുന്നപ്പോൾ കുഞ്ഞ് കരഞ്ഞു. ഇതോടെ പ്രതി കുഞ്ഞിന്റെ വയറ്റിൽ കൈമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നു. ഇതിനുശേഷം കുഞ്ഞിന് വലിയ രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടായി. ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും സമ്മതിച്ചില്ലെന്ന് കൃഷ്ണപ്രിയ മൊഴി നൽകി. ഏറെ നിർബന്ധിച്ചതിനുശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെന്നും അപ്പോഴേയ്ക്കും മരണം സംഭവിച്ചെന്നും മാതാവ് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ഷിജിൻ നേരത്തെ കുഞ്ഞിന്റെ കൈ ഒടിച്ചതായും പൊലീസ് കണ്ടെത്തി. ഇയാൾ ഫോണിൽ മകന്റെ ഒരു ചിത്രം പോലും സൂക്ഷിച്ചിരുന്നില്ലെന്നും കൈ ഒടിഞ്ഞപ്പോഴുള്ള ചിത്രം മാത്രമേ ഫോണിൽ ഉണ്ടായിരുന്നുള്ളൂവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇഖാൻ മരിച്ചത്. അച്ചൻ കൊടുത്ത ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ അടിവയറ്റിൽ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ഇതോടെയാണ് പൊലീസ് കൂടുതൽ അന്വേഷണത്തിലേക്ക് കടന്നത്. സംഭവത്തിൽ അറസ്റ്റിലായ ഷിജിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.