50 വരെ എണ്ണാൻ അറിയില്ല; നാലുവയസുകാരിയെ പിതാവ് ചപ്പാത്തിക്കോലുകൊണ്ട് മർദിച്ചു കൊന്നു
ഫരീദാബാദ്: വീട്ടിൽ കണക്ക് ചൊല്ലിപ്പഠിപ്പിക്കുന്നതിനിടെ നാലുവയസുകാരിയെ പിതാവ് ചപ്പാത്തിക്കോലുകൊണ്ട് മർദിച്ചു കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പ്രതിയായ ഉത്തർപ്രദേശ് സ്വദേശി കൃഷ്‌ണ ജയ്‌സ്വാളിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അമ്പത് വരെ എണ്ണാൻ പറഞ്ഞിട്ട് അത് ശരിയായി ചെയ്യാത്തതിനാണ് ഇയാൾ ചപ്പാത്തിക്കോലുകൊണ്ട് മകളെ ക്രൂരമായി മർദിച്ചത്.
ശരീരമാസകലം അടിയേറ്റതിനെ തുടർന്ന് ബോധം നഷ്‌ടപ്പെട്ട കുട്ടിയെ ഇയാൾ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടി മരിച്ചതായി കണ്ടെത്തി. കളിക്കുന്നതിനിടെ പാറക്കെട്ടിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ഇയാൾ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ മകളുടെ ദേഹത്ത് പരിക്കുകൾ കണ്ടതിനെ തുടർന്ന് കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്.
ചോദ്യം ചെയ്യലിൽ ജയ്‌സ്വാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ദമ്പതികൾക്ക് ഏഴുവയസുള്ള മകനും രണ്ടുവയസുള്ള മകളുമുണ്ട്.