എച്ച്-1ബി വിസ നടപടികൾ കടുപ്പിച്ച് അമേരിക്ക; അഭിമുഖ തീയതികൾ 2027 ലേക്ക് നീട്ടി, യുവാക്കളുടെ സ്വപ്നങ്ങൾ തകരുമോ?
വാഷിംഗ്‌ടൺ: അമേരിക്കയിൽ ജോലി തേടുന്നവരും ചെയ്യുന്നവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അനിശ്ചിതത്വത്തിൽ. എച്ച്1ബി വിസ നടപടികളിൽ വൻ കാലതാമസം. ഇന്ത്യയിലെ യുഎസ് കോൺസലേറ്റുകളിൽ വിസാ അഭിമുഖത്തിനുള്ള കാത്തിരിപ്പ് കാലാവധി 2027 പകുതി വരെ നീണ്ടതായി പലർക്കും അറിയിപ്പ് വന്നിട്ടുണ്ട്. ഇത് അമേരിക്കയിലെ ഇന്ത്യൻ ടെക് വിദഗ്ദ്ധരെയും അവരുടെ കുടുംബങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്.
2025 ഡിസംബറിലാണ് വിസാ നടപടികളിൽ ആദ്യമായി തടസങ്ങൾ കണ്ടുതുടങ്ങിയത്. ഡിസംബറിൽ നടക്കേണ്ടിയിരുന്ന അഭിമുഖങ്ങൾ ആദ്യം 2026 മാർച്ചിലേക്കും പിന്നീട് ഒക്ടോബറിലേക്കും മാറ്റി. എന്നാൽ നിലവിൽ ലഭിക്കുന്ന വിവരമനുസരിച്ച്, ഇപ്പോഴുള്ള അപ്പോയിൻമെന്റുകൾ 18മാസത്തോളം നീട്ടി 2027ലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.
2025 ഡിസംബർ 15മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ സമയം എടുക്കുന്നത് അഭിമുഖങ്ങളുടെ എണ്ണം കുറയാൻ കാരണമായി. മുൻപ് ഇന്ത്യക്കാർക്ക് മറ്റു രാജ്യങ്ങളിൽ പോയി വിസ സ്റ്റാമ്പ് ചെയ്യാൻ കഴിയുമായിരുന്നു.
എന്നാൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ സൗകര്യം നിർത്തലാക്കിയതോടെ എല്ലാ അപേക്ഷകരും ഇന്ത്യൻ കോൺസലേറ്റുകളെ മാത്രം ആശ്രയിക്കേണ്ടി വന്നു. ട്രംപ് ഭരണകൂടത്തിന് കീഴിൽ വിസ നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഇമിഗ്രേഷൻ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പുതിയ എച്ച്1ബി അപേക്ഷകൾക്ക് ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ ഫീസും തിരിച്ചടിയാണ്.
അതേസമയം, വിസാ സ്റ്റാമ്പിംഗിനായി നാട്ടിലെത്തിയ പലരും ഇപ്പോൾ തിരിച്ചുപോകാനാവാതെ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്. പലരുടെയും ഭാര്യമാരും കുട്ടികളും അമേരിക്കയിലാണുള്ളത്. മാസങ്ങൾ നീളുന്ന വേർപിരിയൽ പ്രവാസികൾക്കിടയിൽ കടുത്തമാനസിക വിഷമവും ഉണ്ടാക്കുന്നുണ്ട്. ദീർഘകാലം ജോലിയിൽ പ്രവേശിക്കാൻ കഴിയാത്തത് ഐടി മേഖലയിലുള്ളവരുടെ തൊഴിൽ സുരക്ഷയെയും ബാധിക്കുന്നുണ്ട്. ചില കമ്പനികൾ താൽക്കാലികമായി വർക്ക് ഫ്രം ഹോം അനുവദിക്കുന്നുണ്ടെങ്കിലും ഇതിനും ചില പരിമിതികളുണ്ട്. ടെക് മേഖലയെ കൂടാതെ അമേരിക്കയിലെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
മറ്റ് വികസിത രാജ്യങ്ങൾ വിദഗ്ദ്ധ തൊഴിലാളികൾക്കായി വിസാ നടപടികൾ ലളിതമാക്കുകയും കൂടുതൽ സുതാര്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ, നിലവിലെ പ്രതിസന്ധി അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ലോകമെമ്പാടുമുള്ള പ്രൊഫഷണലുകളെ ആകർഷിക്കാനുള്ള അമേരിക്കയുടെ കരുത്ത് ചോർന്നുപോകുമെന്നാണ് വിലയിരുത്തൽ.
നിലവിലെ സാഹചര്യത്തിൽ വിസാ സ്റ്റാമ്പിംഗിനായി ഇന്ത്യയിലേക്ക് വരുന്നത് ഒഴിവാക്കണമെന്നും ഇമിഗ്രേഷൻ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വിസ പുതുക്കാൻ നാട്ടിലെത്തുന്നവർക്ക് ജോലി നഷ്ടപ്പെടാനും കമ്പനികൾ പുതിയ തൊഴിൽ അപേക്ഷകൾ നൽകുന്നതിന് മടി കാണിക്കാൻ സാദ്ധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.