ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കൊലപാതകം ആസൂത്രിതമെന്ന് കുടുംബം
ധാക്ക: കടയ്‌ക്കുള്ളിൽ ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നു. ചഞ്ചൽ ചന്ദ്ര ഭൗമിക് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്‌ഡിയിൽ വെള്ളിയാഴ്‌ചയാണ് സംഭവം ഉണ്ടായത്. അക്രമി പെട്രോളൊഴിച്ച് കടയ്‌ക്ക് തീകൊളുത്തിയശേഷം ഷട്ടർ പുറത്തുനിന്നടച്ചു. പിന്നീട് സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പിതാവിന്റെ മരണശേഷം ചഞ്ചലായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. രോഗിയായ അമ്മയെയും വികലാംഗനായ മൂത്ത സഹോദരനെയും ഇളയ സഹോദരനെയും പരിചരിച്ചിരുന്നത് അദ്ദേഹമായിരുന്നു. കഴിഞ്ഞ ആറ് വർഷമായി നർസിങ്ഡിയിൽ പ്രവർത്തിക്കുന്ന പ്രാദേശിക ഗാരേജിൽ ജോലിചെയ്യുകയായിരുന്നു ചഞ്ചൽ.
യുവാവ് പ്രശ്‌നക്കാരനായിരുന്നില്ലെന്നും ശത്രുക്കളായി ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികളും ഗാരേജ് ഉടമയും പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്‌ത കൊലപാതകത്തിന് പിന്നിൽ മതവിദ്വേഷമാണെന്ന് കുടുംബം ആരോപിക്കുന്നു. ബംഗ്ലാദേശിൽ ഇത്തരത്തിൽ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഡിസംബർ 31ന് ശരിയത്ത്പൂർ ജില്ലയിൽ ഖോകോൺ ദാസ് (50) എന്ന ബിസിനസുകാരനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മരുന്ന് കട ഉടമയായ ദാസ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ശരീരത്തിൽ കുത്തിയും മർദിച്ചും പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ദീപു ചന്ദ്രദാസ് എന്ന യുവാവിനെയും സമാനമായ രീതിയിൽ കൊലപ്പെടുത്തി. അദ്ദേഹത്തെ നഗ്നനാക്കി മർദിച്ചു കൊന്ന ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവം ഇന്ത്യയിൽ വലിയ രാഷ്‌ട്രീയ പ്രതികരണങ്ങൾക്ക് കാരണമായിരുന്നു.