പത്താമത് മാരത്തോൺ ചാരിറ്റി ഫണ്ട് റേസിംഗ് ഇവന്റ് ഇന്ന്

Sunday 25 January 2026 1:43 PM IST

കെന്റ്: മാരത്തോൺ റണ്ണർ അശോക് കുമാർ സംഘടിപ്പിക്കുന്ന പത്താമത് മാരത്തോൺ ചാരിറ്റി ഫണ്ട് റേസിംഗ് ഇവന്റ് ഇന്ന് സെൽസ് ഡൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നു. മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന പത്താമത്തെ ഇവന്റാണ്.

വൈകുന്നേരം മൂന്നര മുതൽ വിവിധ കലാപരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ഡോൺ മേയറും, സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും. ചാരിറ്റി ഇവന്റിലൂടെ ഇതുവരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ ലഭിക്കുന്ന തുക പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസിന്റെ പുരോഗതിക്കായാണ് നൽകുന്നത്. തന്റെ 53-ാമത്തെ വയസിൽ 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്.