മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്ന ഭർത്താവിനെ മെരുക്കാൻ ഭാര്യയുടെ അറ്റകൈ പ്രയോഗം; വീഡിയോ വൈറൽ

Sunday 25 January 2026 2:40 PM IST

ലക്‌നൗ: മദ്യപിച്ച് ലക്കുകെട്ട ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് ഭാര്യ. ഹമീദ്‌പൂർ സ്വദേശിയായ പ്രദീപിനെയാണ് ഭാര്യ കട്ടിലിൽ കെട്ടിയിട്ടത്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. പതിവായി മദ്യപിച്ചെത്തി അയൽക്കാരുമായി വഴക്കിടുന്നതിനാലാണ് ഇയാളെ ഭാര്യ കട്ടിലിൽ കെട്ടിയിട്ടത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വീഡിയോയിൽ യുവാവിന്റെ കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ടിരിക്കുന്നതായി കാണാം. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി വീട്ടുകാരോടും അയൽക്കാരോടും വഴക്കിട്ടിരുന്നതായി യുവതി മൊഴിനൽകിയത്.

അതേസമയം, പ്രദീപിനെ കാണാനില്ലെന്നു കാട്ടി അയാളുടെ അമ്മ സുമൻ നൽകിയ പരാതിയിൽ കേസെടുത്തിരിക്കുകയാണ് പൊലീസ്. മരുമകൾ മകനെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ചെന്നും പരാതിയിലുണ്ട്. ഇതാദ്യമായല്ല മരുമകൾ പ്രദീപിനെ ഉപദ്രവിക്കുന്നതെന്നും യുവതിയുടെ കൈവശം നിയമവിരുദ്ധമായ ആയുധങ്ങൾ ഉണ്ടായിരുന്നതായും സുമൻ ആരോപിച്ചു. വിവാഹം കഴിഞ്ഞിട്ട് നാലുവർഷമായെന്നും അന്നുമുതൽ മരുമകൾ ഇത്തരം പ്രവർത്തികളിലൂടെ കുടുംബത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് ചോദ്യം ചെയ്യലിനായി യുവതിയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.