പടയാളികൾക്കൊപ്പം രാജാവിന്റെ ഗാംഭീര്യത്തോടെ വിനായകൻ, 'ആട് 3' യുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന 'ആട് 3' യുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. വിനായകൻ, ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് സംവിധായകൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ജേതാക്കളുടെ ഭൂതകാലം ഉണരുന്നുവെന്ന അടിക്കുറിപ്പോടെയാണ് പോസ്റ്ററുകൾ ആരാധകരിലേക്ക് എത്തിയത്. മുൻ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗെറ്റപ്പുകളിലാണ് താരങ്ങൾ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നത്.
പടയാളികൾക്കൊപ്പം രാജാവിന്റെ ഗാംഭീര്യത്തോടെ നിൽക്കുന്ന വിനായകനെയാണ് ആദ്യ പോസ്റ്ററിൽ കാണുന്നത്. ഗൗരവക്കാരനായ പലിശക്കാരന്റെ ലുക്കിലാണ് ഇന്ദ്രൻസ് എത്തുന്നത്. രാജാവിന്റെ പ്രധാന സഹായിയായ തേരാളിയായാണ് ധർമ്മജൻ പോസ്റ്ററിലുള്ളത്. നാലമതായി സിനിമയുടെ നിർമ്മാതാവ് കൂടിയായ വിജയ്ബാബു വാസ്തുശില്പിയായിട്ടാണ് പോസ്റ്ററിൽ കാണപ്പെടുന്നത്.
ഷാജി പാപ്പനും പിള്ളേരും വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. വരും മണിക്കൂറുകളിൽ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ കൂടി പുറത്തുവരുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ആട് ഒരു ഭീകര ജീവിയാണ്, ആട്2, എന്നിവയുടെ തുടർച്ചയായിട്ടാണ് ചിത്രം എത്തുന്നത്.