ട്രെയിൻ യാത്ര വല്ലാത്ത ദുരിതം തന്നെ.... മനം പുരട്ടും കാഴ്ചകൾ, മൂക്ക് തുളച്ചു കയറും വാട
കോട്ടയം : വൃത്തിയില്ലാത്ത ടോയ്‌ലെറ്റുകൾ, തുരുമ്പെടുത്ത് നശിച്ച ഫ്ലോറുകൾ, വെള്ളം നിറഞ്ഞു കിടക്കുന്ന വാഷ് ബേസിൻ...
ഒപ്പം തിങ്ങിയും ഞെരുങ്ങിയും വാതിൽപ്പടിയിലും തൂങ്ങിയുള്ള യാത്ര. ട്രെയിൻ യാത്ര നരകയാത്രയാകുമ്പോൾ പരിഹാരം അകലെയാണ്. എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട് പാവം യാത്രക്കാരും. കേരള എക്‌സ്പ്രസിലെ ജനറൽ കമ്പാർട്ടുമെന്റുകളിലാണ് ഏറെ ദുരിതം. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതം പറഞ്ഞറിയിക്കാനാകില്ല. ടോയ്‌ലെറ്റിൽ കയറണമെങ്കിൽ മൂക്കുപൊത്താതെ നിർവാഹമില്ല. ക്ലോസറ്റ്, വാഷ് ബേസ് എന്നിവിടങ്ങളിൽ ചെളിവെള്ളം നിറഞ്ഞു കിടക്കുന്നു. ഇതിന് സമീപം നിന്ന് യാത്ര ചെയ്യുന്നവർ നിരവധിയാണ്. മൂക്ക് തുളച്ചുകയറുന്ന ദുർഗന്ധമാണെന്ന് ഇവർ പറയുന്നു. യാത്രക്കാർ ചേർന്ന് വാഷ് ബേസിലെ വെള്ളം നീക്കം ചെയ്‌തെങ്കിലും കമ്പാർട്ട്‌മെന്റിനുള്ളിലേക്ക് മലിനജലം ഒഴുകിയെത്തി. ഫ്ലോറുകളുടെ ഭാഗങ്ങൾ അടർന്നു മാറിയ നിലയിലാണ്. സാമൂഹ്യവിരുദ്ധർ ഇവിടം കൈയടിക്കയതോടെ ടോയ്‌ലെറ്റുകൾക്ക് സമീപം ലഹരിവിരുദ്ധ വസ്തുക്കൾ കൂടിക്കിടക്കുകയാണ്.
ശ്വാസംമുട്ടി പിടിവിട്ട് യാത്ര
ഒരുവിധം ട്രെയിനിൽ കയറിപ്പറ്റിയാലും തിരക്കിനിടയിൽ ശ്വാസമെടുക്കാൻ പോലും കഴിയില്ല. ഭാഗ്യത്തിന്റെ അകമ്പടിയാലാണ് യാത്ര പൂർത്തിയാക്കുന്നത്! കോട്ടയത്ത് നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രികരുടെ നിസഹായാവസ്ഥ ഈ വാക്കുകളിൽ വ്യക്തമാണ്. കോട്ടയത്ത് എത്തുന്ന വേണാട് എക്‌സ്പ്രസിന് മുന്നോട്ട് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ് പലദിനങ്ങളിലും. പാലരുവിയിലെ കോച്ചുവർദ്ധനവ് അല്പം ആശ്വാസം പകർന്നെങ്കിലും റൂട്ടിലെ പ്രശ്‌നങ്ങൾക്ക് തെല്ലും പരിഹാരമായില്ല. സീസൺ യാത്രക്കാർ അതിസാഹസികമായി യാത്ര ചെയ്യേണ്ട അവസ്ഥ. കൊല്ലത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള മെമുവിലും തിരക്കിന് കുറവില്ല.
അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണം
കോട്ടയത്ത് നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പഠിക്കുന്നതിനും ജോലിയ്ക്കും, വിവിധ ആവശ്യങ്ങൾക്കുമായി നിരവധിപ്പേരാണ് പ്രതിദിനം യാത്രചെയ്യുന്നത്. പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോഴും, നിലവിലുള്ള ട്രെയിനുകൾ വൃത്തിയോടെ സൂക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും അധികൃതർ സ്വീകരിക്കണമെന്നാവശ്യം.
ഇൻഫോപാർക്കലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം : 3000
''ഇടപ്പള്ളിയിലെ കോളേജിലാണ് പഠിക്കുന്നത്. എല്ലാ ദിവസവും കോട്ടയത്ത് നിന്ന് ട്രെയിനിലാണ് യാത്ര ചെയ്യുന്നത്. എല്ലാ ട്രെയിനുകളിലും വൃത്തിതൊട്ടുതീണ്ടിയിട്ടില്ല. ഇതിന് പരിഹാരം ഉണ്ടാകണം.
-(അൻസിബ്, വിദ്യാർത്ഥി)