കൽപ്പറ്റയിൽ 16കാരന് ക്രൂരമർദനം; തല്ലിയത് സഹപാഠികൾ, കേസെടുത്ത് പൊലീസ്
കൽപ്പറ്റ: 16കാരനെ ഒരു സംഘം കൗമാരക്കാർ ചേർന്ന് ക്രൂരമായി മർദിച്ചു. വയനാട് കൽപ്പറ്റയിൽ ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ഫോൺ വിളിച്ച് വരുത്തിയ ശേഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കൽപ്പറ്റ പൊലീസ് സ്വമേധയാ കേസെടുത്തു.
വിദ്യാർത്ഥികൾ തമ്മിലുണ്ടായ ചെറിയ വാക്കുതർക്കമാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചത്. അടുത്തടുത്ത് താമസിക്കുന്നവരും പ്രായപൂർത്തിയാകാത്തവരുമായ സുഹൃത്തുക്കൾ തന്നെയാണ് അക്രമത്തിന് പിന്നിൽ. കൽപ്പറ്റ നഗരത്തോടു ചേർന്നുള്ള ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് 16കാരനെ വിളിച്ചുവരുത്തുകയായിരുന്നു.
ഏകദേശം ഏഴ് മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വലിയ വടികൊണ്ട് മുഖത്തും തലയിലും ശരീരമാസകലവും കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഷൂസിട്ട കാൽ കൊണ്ട് മുഖത്ത് തൊഴിക്കുകയും, നിലത്ത് വീണ കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. അക്രമിസംഘത്തിൽപ്പെട്ടവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. മർദനം നടുക്കുമ്പോൾ മതി നിർത്താമെന്ന് ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന കുട്ടി പറയുന്നത് വീഡിയോയിൽ കേൾക്കാം.
വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കൽപ്പറ്റ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. മർദനത്തിന് ഇരയായ കുട്ടിയെയും അക്രമികളെയും പൊലീസുകാർ സ്റ്റേഷനിൽ വിളിച്ചുവരുത്തി. പ്രായപൂർത്തിയാകാത്തവരാണ് പ്രതികൾ എന്നതിനാൽ ജുവനൈൽ നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.