ക്ളിനിക്കൽ രജിസ്ട്രേഷൻ നിർബന്ധം
കോട്ടയം : ജില്ലയിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബോറട്ടറികൾ, ദന്തചികിത്സാകേന്ദ്രങ്ങൾ തുടങ്ങി എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ പരിശോധിക്കാൻ ആരോഗ്യ വകുപ്പ്. കേരള ക്ലിനിക്കൽ എസ്റ്റാബ്ളിഷ്‌മെന്റ് പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമാണെങ്കിലും രജിസ്ട്രേഷൻ എടുക്കാത്തവരോ കാലാവധി കഴിഞ്ഞവരോ ഉണ്ടെന്ന സംശയത്തിലാണ് ആരോഗ്യ വിഭാഗം. ഇതിന്റെ ഭാഗമായി മാർഗനിർദ്ദേശങ്ങളും ഇറക്കി. രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് ആശുപത്രികളുടെ ഉത്തരവാദിത്തമാണെന്നും മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള സൗകര്യം ഒരുക്കണം. ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്താൽ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിയ്ക്ക് കൈമാറേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണ്. കൺസൾട്ടേഷൻ, പരിശോധന, ചികിത്സ മറ്റ് സേവനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ നിരക്കുകളും ഉൾപ്പെടുത്തിയ ഇനം തിരിച്ച ബില്ല് രോഗികൾക്ക് നൽകണം.
''രോഗികളുടെ പരാതി പരിഹരിക്കാൻ പ്രത്യേക ഡെസ്‌ക് ക്ലിനിക്കൽ സ്ഥാപനങ്ങളിൽ നിർബന്ധമാണ്. പരാതി ലഭിച്ച് 7 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കണം. ഗുരുതരമായ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസറിന് കൈമാറണം. ഡോ.എൻ.പ്രിയ, ഡി.എം.ഒ