ചുറ്റുവട്ടം: ശബരിമല വിമാനത്താവളം വെറുമൊരു സ്വപ്നമാകുമോ

Monday 26 January 2026 12:22 AM IST

തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകുന്നെന്നു പറഞ്ഞതുപോലെയാണ് നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ കാര്യം. ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളുമെല്ലാം വിമാനത്താവളത്തിനായി അളന്നു തിട്ടപ്പെടുത്തിയപ്പോൾ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയായി തർക്കം. ഹാരിസൺ മലയാളം ഗ്രൂപ്പിന്റെ കൈവശമിരുന്ന സർക്കാർ പാട്ട ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് അയന ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറിയതാണ്. 2018 ൽ പാട്ടക്കാലവധി കഴിഞ്ഞതിനാൽ സർക്കാർ ഏറ്റെടുക്കണമെന്ന് രാജമാണിക്യം ഐ.എ.എസ് പറഞ്ഞിട്ടും വേണ്ടത് സമയത്തു ചെയ്തില്ല. സർക്കാർ ഭൂമിയെന്ന വാദവുമായി പാലാ സബ്കോടതിയിൽ പോയെങ്കിലും വിയറ്റ്നാം കോളനി സിനിമയിൽ ശങ്കരാടിയുടെ ചങ്ങലയിൽ തളച്ചിട്ട കഥാപാത്രം കൈപ്പത്തി നിവർത്തി യിട്ട് 'ഇതാണ് ആ രേഖയെന്ന് ' സ്ഥലത്തിന്റെ രേഖ കൈവെളളയിൽ കാണിച്ചതു പോലെ സർക്കാർ രേഖ കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. കേസ് അയന ട്രസ്റ്റിന് അനുകൂലമായി വിധിച്ചു. ചെറുവള്ളി എസ്റ്റേറ്റ് ഇനി കിട്ടണമെങ്കിൽ അയന ട്രസ്റ്റ് ചോദിക്കുന്ന വലിയ തുക കൊടുത്ത് സ്ഥലം സർക്കാർ സ്വന്തം പേരിൽ വാങ്ങണം. അതല്ലെങ്കിൽ സർക്കാർ മേൽക്കോടതിയിൽ പോകണം. ചുരുക്കത്തിൽ വർഷങ്ങൾ ഇനിയുമെടുക്കും. അടുത്ത കാലത്തൊന്നും സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് നാട്ടുകാർക്കും വിശ്വാസം തീരെപോരാ. കോടതിയിൽ പണം കെട്ടിവച്ച് കേസിന് പോകാൻ വിവരമുള്ളവരെല്ലാം പറഞ്ഞതാണ്. അങ്ങനെയെങ്കിൽ കോടതിവിധിക്ക് വിധേയമായി കാര്യങ്ങൾ മുന്നോട്ടു നീങ്ങിയേനേ. ഇതു തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞതു പോലായി കാര്യങ്ങൾ.

സ്ഥലമെടുപ്പ് ഏതാണ്ട് പൂർത്തിയായതാണ്. ഭാവി വികസനം കൂടി കണ്ട് കൂടുതൽ സ്ഥലം അക്വയർ ചെയ്തപ്പോൾ ആവശ്യത്തിൽ കൂടുതൽ സ്ഥലമെടുക്കുന്നുവെന്ന പരാതി കോടതിയിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും കൂടുതൽ സ്ഥലം എന്തിന് ശബരിമല വിമാനത്താവളത്തിന് വേണമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയാൻ സർക്കാരിന് കഴിഞ്ഞില്ല. ഇതോടെ ഹൈക്കോടതി സ്ഥലമെടുപ്പ് നടപടി തള്ളിയതിനു പുറമേയാണ് പാലാ സബ്കോടതിയുടെ വിധി. സാമൂഹ്യാഘാത പഠനം ഒന്നല്ല രണ്ടു തവണ നടത്തിയത് റദ്ദാക്കി വിദഗ്ദ്ധ ഏജൻസിയെക്കൊണ്ട് നടത്താൻ കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ സ്ഥിരം തിരിച്ചടി നേടുന്നത് കാണുമ്പോൾ സ്ഥലമെടുപ്പിൽ എന്തെങ്കിലും കമ്മീഷൻ കളിയുണ്ടോ എന്നു സംശയിച്ചു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ.