കുഞ്ഞികൃഷ്ണൻ നടത്തിയത് കടുത്ത അച്ചടക്ക ലംഘനം, പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സി പി എം ജില്ലാസെക്രട്ടറിയേറ്റ്
കണ്ണൂർ: പയ്യന്നൂർ ധൻരാജ് രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പു നടന്നുവെന്ന് ആരോപിച്ച സി.പി.എം ജില്ലാകമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കുഞ്ഞികൃഷ്ണൻ കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. നാളെ ചേരുന്ന ജില്ലാകമ്മിറ്റി യോഗത്തിൽ ഈ തീരുമാനം റിപ്പോർട്ട് ചെയ്ത ശേഷം പുറത്താക്കൽ നടപടിയിൽ അന്തിമ തീരുമാനമുണ്ടാകും.
കുഞ്ഞികൃഷ്ണനെതിരെ പാർട്ടി നടപടിയുണ്ടാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ജയരാജനും സൂചന നൽകിയിരുന്നു. ഇരുവരും നേരിട്ട് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല എന്നും നടപടി ജില്ലാ ഘടകം പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. അതേസമയം ഇന്നലെ പ്രതിഷേധ പ്രകടനം നടത്തിയ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഏരിയാ സെക്രട്ടറി ഉൾപ്പെടെ 25 പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.