പു​ത്ത​ൻ​ച​ന്ത സ്റ്റേ​ഡി​യം: നി​ർ​മ്മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ, വലിയ സ്വപ്നത്തിലേക്ക് ഇനി പന്തുരുളും...

Monday 26 January 2026 12:37 AM IST

മുണ്ടക്കയം: കായികപ്രേമികളുടെ വലിയ സ്വപ്നം. അതാണ് മുണ്ടക്കയം പുത്തൻചന്തയിൽ യാഥാർത്ഥ്യമാകുന്നത്. കായികഭൂപടത്തിൽ പുതുചരിത്രം തീർത്താണ് പഞ്ചായത്ത് സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നത്. നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരിയിൽ സ്റ്റേഡിയം നാടിന് സമർപ്പിക്കുമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഒരു നിയോജകമണ്ഡലത്തിൽ ഒരു കളിസ്ഥലമെന്ന പദ്ധതിയിൽപ്പെടുത്തിയാണ് മുണ്ടക്കയം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുത്തൻചന്ത സ്റ്റേഡിയം നവീകരിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്. സ്റ്റേഡിയത്തിന് ചുറ്റുമുള്ള ചെയിൻ ലിങ്ക്ഡ് ഫെൻസിംഗ്, ഗാലറി എന്നിവയുടെ നിർമാണമാണ് പുരോഗമിക്കുന്നത്.

പദ്ധതി ചെലവ്: 1.25 കോടി രൂപ

നിർമ്മാണം ആധുനികനിലവാരത്തിൽ

വോളിബോൾ, ഫുട്‌ബോൾ, ക്രിക്കറ്റ് എന്നിവ കളിക്കാൻ സൗകര്യമുണ്ടാകും. അത്ലറ്റിക്സ് മത്സരങ്ങൾ സംഘടിപ്പിക്കാനും സാധിക്കും.

ഫ്ളഡ്ലിറ്റ് മാതൃകയിൽ 200 വാട്ട്സിന്റെ നാല്പതോളം ലൈറ്റുകളുണ്ട്. ഗ്രൗണ്ടിന് ചുറ്റും 400 മീറ്ററോളം നീളത്തിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും സജ്ജീകരിക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജ് സംവിധാനവുമുണ്ട്.

മുണ്ടക്കയം ബൈപ്പാസിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് നടപ്പാത നിർമ്മിക്കും

പ്രതിഷേധം ഫലംകണ്ടു

നിരവധി പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിലാണ് സ്റ്റേഡിയം നവീകരിക്കുന്നത്. പരിപാലനത്തിന്റെ പരിമിതി മൂലം മൈതാനം ഏറെക്കാലം ശോച്യാവസ്ഥയിലായിരുന്നു. പ്രളയത്തിൽ മണിമലയാറ്റിലും പുല്ലകയാറ്റിലും വന്നടിഞ്ഞ മണൽ പുത്തൻചന്ത മൈതാനത്ത് കൊണ്ടുവന്ന് കൂട്ടിയിട്ടത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.