വാളുമായി അക്രമം; പൊലീസിനെക്കണ്ട് കടലിൽ ചാടാൻ ശ്രമിച്ച പ്രതി പിടിയിൽ

Monday 26 January 2026 12:38 AM IST

കഴക്കൂട്ടം: കഠിനംകുളം ഇടപ്പള്ളിയിൽ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാട്ടുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത മയക്കുമരുന്ന് കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. പെരുമാതുറ തെരുവിൽതൈവിളാകം വീട്ടിൽ മാഹീനാണ് (27) അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് 6.30ഓടെ ഇടപ്പള്ളിയിലായിരുന്നു സംഭവം.

​പ്രതിയുടെ കഞ്ചാവ് വില്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന വൈരാഗ്യത്തിലാണ് പെരുമാതുറ സ്വദേശി ജലീലിനെ ഇയാൾ വാളുമായി വെട്ടാൻ ഓടിച്ചത്. ആക്രമണത്തിൽ നിന്ന് ജലീൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ മരുമകൻ സവാദിന് സാരമായി പരിക്കേറ്റു. ​സംഭവമറിഞ്ഞ് കഠിനംകുളം പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതി കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് സംഘം പിന്തുടർന്ന് സാഹസികമായി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഈ അക്രമ സംഭവത്തിൽ ഉൾപ്പെട്ട ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

​ലഹരിക്കടത്തിലെ പ്രധാനി അറസ്റ്റിലായ മാഹീൻ വലിയ അളവിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. കൊച്ചി നർകോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത 210 ഗ്രാം എം.ഡി.എം.എ കേസിൽ ഇയാൾ പ്രതിയാണ്. കൂടാതെ, ഈയിടെ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.

കഠിനംകുളം സ്റ്റേഷനിൽ മറ്റ് നിരവധി ക്രിമിനൽ കേസുകളും ഇയാൾക്കെതിരെയുണ്ട്. ​കഠിനംകുളം സി.പി. ഹാഷിം, നിസാമുദ്ധീൻ, ഷാഹുൽ ഹമീദ്, ദീപക് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.