അപകടക്കെണിയൊരുക്കി പള്ളിമുക്ക് കാരാകുന്ന് റോഡ്

Monday 26 January 2026 1:57 AM IST

വക്കം: കടയ്ക്കാവൂർ പഞ്ചായത്തിലെ പള്ളിമുക്ക് കാരാകുന്ന് റോഡിലെ കൊടുംവളവിനോട് ചേർന്ന് ആഴമുള്ള പ്രദേശത്ത് സംരക്ഷണവേലി സ്ഥാപിക്കാത്തത്തിനാൽ വാഹനാപകടങ്ങൾ തുടർക്കഥയായി മാറുന്നു. റോഡിനോട് ചേർന്ന ആഴമുള്ള കുഴിയിൽ വീണ് തെക്കുംഭാഗം സ്വദേശി ഗൃഹനാഥന്റെ മരണമുൾപ്പെടെ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. ആറ്റിങ്ങൽ ഭാഗത്ത് നിന്നും കടയ്ക്കാവൂർ വക്കം അഞ്ചുതെങ്ങ്, വർക്കല ഭാഗങ്ങളിൽ എളുപ്പം എത്തുന്നതിനായി വാഹന യാത്രക്കാർ ആശ്രയിക്കുന്ന പാതയാണ് പള്ളിമുക്ക് കാരാകുന്ന് റോഡ്. മെയിൻ റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്ന വേളയിൽ വാഹനങ്ങളെല്ലാം ഇതുവഴിയാണ് തിരിച്ചുവിടുന്നത്.

ആറ്റിങ്ങൽ നിന്നും കടയ്ക്കാവൂരിലേയ്ക്കും വക്കത്തേയ്ക്കും എളുപ്പത്തിലെത്താനാകുന്ന റോഡു കൂടിയാണിത്.

സംരക്ഷണവേലി സ്ഥാപിച്ചിട്ടില്ല

കീഴാറ്റിങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രം കഴിഞ്ഞ് കാരാകുന്ന് ഭാഗത്തേക്ക് തിരിയുന്നതും കുത്തനെയുള്ള ഇറക്കവും കൊടും വളവുമുള്ള പ്രദേശമാണ് നിലവിൽ അപകടഭീഷണി ഉയർത്തുന്നത്. ഇരുപതടി താഴ്ച്ചയിൽ വീടിന്റെ മുൻവശത്താണ് വാഹനങ്ങൾ വിണ് അപകടമുണ്ടാകുന്നത്. റോഡിന് വശത്തുള്ള പുരയിടത്തിന്റെ ഉടമകൾ ഭൂമി നൽകിയതിനാൽ അടുത്തിടെ റോഡിന്റെ വീതി അല്പം കൂട്ടിയെങ്കിലും അഴമുള്ള ഭാഗത്ത്‌ സംരക്ഷണവേലി സ്ഥാപിക്കാത്തതിനാൽ അപകടങ്ങൾ തുടരുകയാണ്.

വഴിവിളക്കുകളുമില്ല

വഴിവിളക്കുകൾ ഇല്ലാത്തതിനാൽ സന്ധ്യകഴിഞ്ഞാൽ പ്രദേശത്ത് സാമൂഹിക വിരുദ്ധശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു. റോഡ് കടന്നുപോകുന്ന ഏലാപ്പുറം എലായിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ വാഹനയാത്രക്കാർക്കുൾപ്പെടെ ബുദ്ധിമുട്ടുളവാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഇവിടെ പരസ്യമദ്യപാനവും ലഹരി വില്പനയും നടക്കുന്നതായും ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതരുടെയും പൊലീസിന്റെയും ശക്തമായ നടപടികൾ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മാസങ്ങൾക്കു മുൻപ് ഇവിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കത്തിക്കുത്തിലാണ് കലാശിച്ചത്.

രാത്രികാലങ്ങളിൽ തെരുവുനായ്ക്കൾ പ്രദേശം കയ്യടക്കുന്നതോടെ ഇരുചക്രവാഹന യാത്രക്കാർക്കും ഭീഷണിയാണ്. ഇതിനോട് ചേർന്ന റോഡിൽ അറ്റകുറ്റപണികൾ നടത്തിയെങ്കിലും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.