അഞ്ചുതെങ്ങിൽ വാട്ടർ എ.ടി.എം

Monday 26 January 2026 1:25 AM IST

കടയ്ക്കാവൂർ: കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി അഞ്ചുതെങ്ങിലും വാട്ടർ എ.ടി.എം സ്ഥാപിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്, മത്സ്യഭവൻ ഓഫീസിനോട് ചേർന്നാണ് വാട്ടർ എ.ടി.എം ഒരുക്കിയിട്ടുള്ളത്. 750ലിറ്റർ കപ്പാസിറ്റിയുള്ള സംഭരണ ടാങ്കിൽ ശേഖരിക്കുന്ന വെള്ളം 20ഇഞ്ച് ശേഷിയുള്ള മൂന്ന് ഫിൽറ്ററിലൂടെ 150എൽ.ടി.എച്ചിന്റെ വാട്ടർ എ.ടി.എം യൂണിറ്റിലൂടെ കടത്തിവിട്ടാണ് എ.ടി.എം പ്രവർത്തനം. ഇതിൽ ചൂട്, തണുപ്പ്, സാധാരണ കുടിവെള്ളം എന്നിങ്ങനെ ലഭ്യമാണ്. നാണയമിട്ട ശേഷം കുടിവെള്ളത്തിന്റെ സ്വഭാവം തിരഞ്ഞെടുത്ത് ബട്ടൺ അമർത്തിയാൽ മെഷീന് പുറത്ത് ഘടിപ്പിച്ചിട്ടുള്ള പൈപ്പിലൂടെ വെള്ളം ശേഖരിക്കാം. ഒന്ന്, അഞ്ച് ലിറ്റർ അളവുകളിലാണ് വെള്ളം ലഭ്യമാകുക.

ആർ.ജെ എന്റർ പ്രൈസസ് പള്ളിപ്പുറമെന്ന സ്ഥാപനത്തിനാണ് പദ്ധതിയുടെ നിർമ്മാണ, അറ്റകുറ്റപ്പണികളുടെ ചുമതല. 2025-2026 പദ്ധതിയിലുൾപ്പെടുത്തി 5ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. നിലവിൽ ഇന്റർനെറ്റ് സി.സി.ടി.വി സൗകര്യങ്ങളും മെഷീനിൽ ഒരുക്കിയിട്ടുണ്ട്.