ശുഭാംശു ശുക്ലയ്ക്ക് അശോക ചക്ര,​ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്നുപേർക്ക് കീർത്തി ചക്ര പുരസ്കാരം

Sunday 25 January 2026 9:42 PM IST

ന്യൂഡൽഹി : രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയ്ക്ക് അശോക ചക്ര പുരസ്കാരം നൽകി രാജ്യത്തിന്റെ ആദരം. ഉത്തർപ്രദേശിലെ ലക്നൗ സ്വദേശിയായ ശുഭാംശു രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനാണ്. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്ടനും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണനടക്കം മൂന്നുപേർക്ക് കീർത്തിചക്ര ലഭിച്ചു. മേജർ അ‍ർഷദീപ് സിംഗ്,​ നായിബ് സുബേദാർ ദോലേശ്വർ സുബ്ബ എന്നീ സൈനികർക്കും കീർത്തിചക്ര ലഭിച്ചു.

മലയാളിയായ മേജർ ശിവപ്രസാദിനും അനീഷ് ചന്ദ്രനും ധീരതയ്ക്കുള്ള സേനാമെഡൽ ലഭിച്ചു. ബ്രിഗേഡിയർ അരുൺകുമാർ ദാമോദരൻ യുദ്ധസേവാ മെഡലും മേജർ ജനറൽ കെ. മോഹൻനായർ അതിവിശിഷ്ട സേവാ മെഡലിനും അർഹനായി. മുഹമ്മദ് ഷാമിലിലൂടെ ഉത്തംജീലൻ രക്ഷാപതകും കേരളത്തിന് ലഭിച്ചു.

പായ്‌വഞ്ചിയിൽ ലോകം ചുറ്റിയ കോഴിക്കോട് സ്വദേശി ലെഫ്‌ടനന്റ് കമാൻഡർ കെ. ദിൽനയ്ക്കും സഹയാത്രിക പുതുച്ചേരി സ്വദേശി ലെഫ്ടനന്റ് കമാൻഡർ എ. രൂപയ്ക്കും ശൗര്യചക്രയുണ്ട്. സായുധസേനയിലെ 13 പേർക്കാണ് ശൗര്യ ചക്ര. വീരമൃത്യു വരിച്ച ആറുപേരുൾപ്പെടെ 70 പേർക്കാണ് വീര സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.