ഒരുവയസുകാരന്റെ കൊലയ്ക്ക് കാരണം പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിന്റെ രാത്രിയിലെ കരച്ചിലും
നെയ്യാറ്റിൻകര: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സംഭവ ദിവസം രാത്രി ഭാര്യയുമായുള്ള ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനമായി മാറിയതെന്നും ഉടൻ ഷിജിൽ കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടുവച്ച് അടിവയറ്റിലും നെഞ്ചിലും അതിശക്തമായി ഇടിക്കുകയായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞ് വേദനകൊണ്ട് കരഞ്ഞെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആദ്യം ഷിജിൽ തയ്യാറായില്ലെന്നും പൊലീസ് വ്യക്തമാക്കി.
കുഞ്ഞ് തന്റേതല്ലെന്ന സംശയവും ലൈംഗിക ബന്ധത്തിനിടെ കുഞ്ഞിന്റെ നിറുത്താതെയുള്ള കരച്ചിലും തന്നോടുള്ള ദേഷ്യത്തിന് കാരണമായെന്ന കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയെ തുടർന്ന് ഷിജിലിനെ വിശദമായ ചോദ്യം ചെയ്‌തതിലൂടെയാണ് നിർണായകമായ വിവരങ്ങൾ ലഭിച്ചത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള അപക്ഷേ നാളെ നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബാലരാമപുരം എച്ച്.എസ്.ഒ ഷൈജുനാഥ് പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം ഉറങ്ങുമ്പോഴുള്ള കുഞ്ഞിന്റെ നിറുത്താതെയുള്ള കരച്ചിൽ തന്നെ അലോസരപ്പെടുത്തിയെന്ന് നേരത്തെ ഷിജിലും മൊഴി നൽകിയിരുന്നു.
ഇക്കഴിഞ്ഞ 16നായിരുന്നു കുഞ്ഞ് മരിച്ചത്. മൈക്ക് സെറ്റ് ഓപ്പറേറ്ററായ ഷിജിൽ 2024 ജനുവരി 8നാണ് കൃഷ്ണപ്രിയയെ വിവാഹം കഴിച്ചത്. കൃഷ്ണപ്രിയയ്ക്ക് നൽകിയ എട്ട് സെന്റ് സ്ഥലം വിൽക്കണമെന്ന് ആവശ്യപ്പെട്ട് ഷിജിൽ സ്ഥിരമായി മകളെ മർദ്ദിക്കാറുണ്ടെന്ന് മാതാവ് പ്രഭയും പറഞ്ഞു. കൃഷ്ണപ്രിയക്ക് സൗന്ദര്യം കുറവാണെന്ന് പറന്ന് ആക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ വർഷം പ്രഭ വീണ് പരിക്കേറ്റിരുന്നെങ്കിലും കാണാൻ കൃഷ്ണപ്രിയയെ ഷിജിൽ അനുവദിച്ചിരുന്നില്ല.
ഒടുവിൽ മാറനല്ലൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസാണ് കൃഷ്ണപ്രിയ വീട്ടിലേക്ക് പോകാനുള്ള ഒത്തുതീർപ്പ് ചർച്ച നടത്തിയത്. കുഞ്ഞു ജനിച്ചതോടെ ഇരുവരും വീണ്ടും അകന്നു. രണ്ടുമാസം മുമ്പ് നടത്തിയ ഒത്തുതീർപ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കവളാകുളത്ത് വീട് വാടകയ്ക്കെടുത്ത് ഇരുവരും താമസമായത്. ഇവിടെയും ഷിജൻ കുഞ്ഞിന്റെ പേരിൽ ഭാര്യയെ മർദ്ദിച്ചിരുന്നു.
സംഭവ ദിവസം രാവിലെ കുഞ്ഞിനെ ഉപദ്രവിച്ച ശേഷം പോയ ഷിജിൽ വൈകിട്ട് കൊണ്ടുവന്ന ബിസ്‌കറ്റും മുന്തിരിയും കഴിച്ച ശേഷമാണ് കുഞ്ഞ് കുഴഞ്ഞുവീണത്. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു. എന്നാൽ ഭക്ഷണങ്ങളുടെ സാമ്പിളുകളുടെ പരിശോധയിൽ വിഷാംശമില്ലെന്ന് കണ്ടെത്തിയിരുന്നു. വയറ്റിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനയിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയ ഡോക്ടർ പൊലീസിനെ അറിയിച്ചതാണ് നിർണായകമായത്.
ഷിജിലിന് നിരവധി സ്ത്രീകളുമായി ബന്ധം,
സെക്‌സ് ചാറ്റ് ആപ്പുകളിലും സജീവം
ഷിജിൽ സെക്‌സ് ചാറ്റിങ് ആപ്പുകളിൽ സജീവമാണെന്നും ഇയാൾക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പൊലീസ്. ഷിജിലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ചാറ്റുകൾ പൊലീസ് കണ്ടെത്തിയത്. ഇയാൾ കൊടുംക്രൂരനാണെന്നും കുഞ്ഞിന്റെ കൈകാലുകൾ തിരിച്ച് വേദനിപ്പിക്കുകയായിരുന്നു ഷിജിൽ നിരന്തരമായി ചെയ്‌തിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കൊടും കുറ്റവാളിയുടെ മാനസികാവസ്ഥയുള്ള ആൾ തന്നെയായിരുന്നു ഷിജിൽ എന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചത്. ഭാര്യ ഗർഭിണിയായ സമയം മുതൽ തന്നെ തുടങ്ങിയ സംശയം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.