അണ്ടർ ദ മാങ്കോ ട്രീ ഇന്ന് അരങ്ങിൽ, അരങ്ങുണർന്നു ഇനി നാടക വസന്തം

Monday 26 January 2026 12:00 AM IST

തൃശൂർ: വൈക്കം മുഹമ്മദ് ബഷീറിന്റെ പത്ത് കഥകളുടെ സാഹസിക മിശ്രണം ഇന്ന് അരങ്ങിലെത്തും. രാജീവ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന അണ്ടർ ദ മാങ്കോ ട്രീ എന്ന നാടകമാണ് കെ.ടി. മുഹമ്മദ് തിയറ്ററിൽ ഇന്ന് രാവിലെ 11നും വൈകിട്ട് 4.30നും അരങ്ങേറുന്നത്. പ്രണയവും നർമ്മവും ആർദ്രതയും എല്ലാം ഉൾച്ചേർന്ന നാടകത്തിന്റെ ആത്മാവാകുന്നതും ബഷീർ കഥാപാത്രങ്ങളാണെന്നതാണ് പ്രത്യേകത. കഴിഞ്ഞ 45 വർഷമായി നാടകരംഗത്ത് പ്രവർത്തിക്കുന്ന അതുൽ പീതെ സംവിധാനം ചെയ്യുന്ന മാൽപ്രാക്ടീസസ് ആൻഡ് ദ ഷോയും ഇന്ന് അന്താരാഷ്ട്ര നാടകോത്സവ വേദിയിലെത്തും. സ്‌കൂൾ ഒഫ് ഡ്രാമ കാമ്പസിൽ വൈകിട്ട് 4.30നാണ് അവതരണം. നൃത്താവതരണത്തിന് വസ്ത്രം മാറുന്നതിനിടെ ഒളിഞ്ഞുപകർത്തിയ ദൃശ്യങ്ങൾ വൈറലാകുന്നതും നർത്തകിയും സ്വന്തം ഫോണിൽ കണ്ടശേഷം അവർക്കുണ്ടാകുന്ന ഞെട്ടലും ഭ്രാന്തമായ അവസ്ഥയും വെളിവാക്കുന്നതാണ് ഇതിവൃത്തം. അർജന്റൈൻ സംവിധായകൻ റോമൻ ലാമാസിന്റെ ഫ്രാങ്കസ്റ്റീൻ പ്രൊജക്ടും ഇന്നത്തെ അന്താരാഷ്ട്ര നാടകോത്സവ വേദിയുടെ പ്രധാന ആകർഷണമാണ്. ഇന്നലെ വൈകിട്ട് നാടകം അരങ്ങേറിയിരുന്നു. ഇന്ന് രാവിലെ 9.30നും വൈകിട്ട് മൂന്നിനും ബ്ലാക്ക് ബോക്‌സിൽ നാടകം അരങ്ങേറും. മോഹിത് തകൽക്കാറിന്റെ ദി നെതറും ഇന്ന് അരങ്ങിലെത്തും. വെർച്വൽ അത്ഭുതലോകമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇന്ന് വൈകിട്ട് ഏഴിന് ആക്ടർ മുരളി തിയറ്ററിൽ അവതരിപ്പിക്കപ്പെടുന്ന നാടകം നാളെയും ഇതേസമയം അരങ്ങേറും.

നാടകോത്സവത്തിൽ ഇന്ന്

ബ്ലാക്ക് ബോക്‌സ് ഫ്രാങ്കൻസ്റ്റീൻ പ്രൊജക്ട് (രാവിലെ - 9.30, വൈകിട്ട് - 3.30)

കെ.ടി. മുഹമ്മദ് തിയറ്റർ: അണ്ടർ ദ മാങ്കോ ട്രീ (രാവിലെ11, വൈകിട്ട് 4.30)

സ്‌കൂൾ ഒഫ് ഡ്രൈമ കാമ്പസ്: മാൽപ്രാക്ടീസ് ആൻഡ് ദ ഷോ (വൈകിട്ട് - 4.30)

ആക്ടർ മുരളി തിയറ്റർ: ദി നെതർ (രാത്രി- 7)