ആവേശമായി മരത്തോൺ
തൃശൂർ: തൃശൂരിലെ വലിയ റണ്ണിംഗ് ഇവന്റായി തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോണിന്റെ രണ്ടാം എഡിഷൻ. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മാരത്തോണിൽ 3000 ഓളം പേർ പങ്കെടുത്തു. ഇന്നലെ പുലർച്ചെ 3.30ന് നടന്ന ഫുൾ മാരത്തോൺ 32 കി.മീ വിഭാഗം കളക്ടർ അർജുൻ പാണ്ഡ്യൻ ഫ്‌ളാഗ് ഓഫ് ചെയ്തു. മത്സരത്തിൽ പങ്കെടുത്ത കളക്ടർ നാല് മണിക്കൂർ 19 മിനിറ്റിൽ പൂർത്തിയാക്കി.
രാവിലെ 4.30 ന് നടന്ന 21 കിലോ മീറ്റർ ഹാഫ് മാരത്തോൺ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ ഫ്‌ളാഗ് ഓഫ് ചെയ്ത് മത്സരത്തിൽ പങ്കെടുത്തു. രാവിലെ 5.30 ന് നടന്ന 10 കിലോമീറ്റർ വിഭാഗം കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധിയും എലൈറ്റ് ഗ്രൂപ്പ് പ്രതിനിധിയും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. രാവിലെ 6.30 ന് നടന്ന 5 കിലോമീറ്റർ വിഭാഗം തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖും തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിനും ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. 'ബാക്ക് ടു ട്രാക്ക്' എന്ന ലക്ഷ്യത്തോടെ നടന്ന വീൽ ചെയർ റണ്ണിൽ ഏകദേശം അമ്പതോളം പേർ പങ്കെടുത്തു. മേയർ ഡോ. നിജി ജസ്റ്റിൻ, എലൈറ്റ് ഫുഡ്‌സ് പ്രതിനിധി രാമകൃഷ്ണൻ എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
സമാപന സമ്മേളനത്തിൽ റവന്യൂ മന്ത്രി കെ. രാജൻ, മേയർ ഡോ. നിജി ജസ്റ്റിൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, കേരള ഗ്രാമീൺ ബാങ്ക് പ്രതിനിധികൾ, എലൈറ്റ് ഫുഡ്‌സ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായി. 24 മണിക്കൂർ സ്റ്റേഡിയം റൺ ഇന്ത്യൻ റെക്കാഡ് ജേതാവായ ജീനോ ആന്റണിയെ ആദരിച്ചു. 42 കിലോമീറ്റർ ഫുൾ മരത്തോൺ വിഭാഗത്തിൽ ജീനോ ആന്റണി വിജയിയായി. വനിതാ വിഭാഗത്തിൽ ജൂലിയ ജോണിയാണ് ജേതാവായത്. 32 കിലോമീറ്റർ വിഭാഗത്തിൽ കിരൺ തമ്പി, ഷീല രഞ്ജിത്ത് എന്നിവരും 21 കിലോമീറ്റർ വിഭാഗത്തിൽ കാർത്തിക്, ജസ്‌ന സുമേഷ് എന്നിവരും 10 കിലോമീറ്റർ വിഭാഗത്തിൽ അരുൺജിത് ഉണ്ണിക്കൃഷ്ണൻ, നീന എന്നിവരും വിജയികളായി.