പഴയ കരുത്തിൽ പോരാടാൻ എൽ.ഡി.എഫ്
തൃശൂർ: നിലവിൽ ആദ്യ ടേം കഴിഞ്ഞവർക്ക് വീണ്ടും അവസരം. പൊതുസമ്മതരായ പഴയ മുഖങ്ങളെ തിരിച്ചെത്തിക്കും.നിയമസഭാ തിരഞ്ഞെടുപ്പിന് പരമാവധി സീറ്റുകൾ പിടിച്ചെടുക്കാൻ അണിയറയിൽ എൽ.ഡി.എഫ് തന്ത്രങ്ങൾ മെനയുകയാണ്. പ്രധാനഘടക കക്ഷികളായ സി.പി.എമ്മും സി.പി.ഐയും സ്ഥാനാർത്ഥികളെ കുറിച്ച് പ്രാരംഭ ചർച്ചകൾക്ക് തുടക്കമിട്ടു. കഴിഞ്ഞ തവണ സി.പി.എമ്മും സി.പി.ഐയും മത്സരിച്ച എല്ലാം സീറ്റുകളിലും വിജയം നേടിയപ്പോൾ നഷ്ടമായത് ചാലക്കുടിയിൽ കേരള കോൺഗ്രസ് എമ്മിന് നൽകിയ സീറ്റ് മാത്രമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ,ചാലക്കുടി മണ്ഡലങ്ങളിലും ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പിലും ഉണ്ടായ തിരിച്ചടി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് കരുനീക്കം. ഏഴു സീറ്റുകളിൽ സി.പി.എമ്മും അഞ്ച് സീറ്റിൽ സി.പി.ഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മുമാണ് മത്സരിക്കാറുള്ളത്. ഇത്തവണയും ഈ രീതിയിലാകും മത്സരം. അതേ സമയം തൃശൂർ സീറ്റ് സി.പി.എമ്മിന് ഏറ്റെടുക്കണമെന്ന മോഹമുണ്ടെങ്കിലും സി.പി.ഐ വിട്ടുകൊടുത്തേക്കില്ല.
സി.രവീന്ദ്രനാഥ് വീണ്ടും വന്നേക്കും
മൂന്നാം ഭരണം ലക്ഷ്യമിടുന്ന എൽ.ഡി.എഫ് മുൻ പ്രൊഫ.സി.രവീന്ദ്രനാഥ് ഉൾപ്പടെയുള്ളവരെ വീണ്ടും കളത്തിലിറക്കാനും ആലോചിക്കുന്നുണ്ട്. മൂന്നു തവണ എം.എൽ.എയായ മുരളി പെരുനെല്ലിക്ക് പകരമാകും സി. രവീന്ദ്രനാഥിനെ മത്സരിപ്പിക്കുന്നത്. ഗുരുവായൂരിൽ എൻ.കെ.അക്ബർ തന്നെ ഇത്തവണയും മത്സരിക്കും. കുന്നംകുളത്ത് എ.സി.മൊയ്തീന് പകരം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ മത്സരിക്കാനാണ് സാദ്ധ്യത. ഇവിടെ ജില്ലാ സെക്രട്ടറിയേറ്റ് എം.ബാലാജി ഉണ്ടെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകാത്തതിനാൽ മത്സരിക്കാനാകില്ല. ഇവിടെ എ.വിജയരാഘവന്റെ പേര് ഉയർന്നെങ്കിലും ഇരിങ്ങാലക്കുടയിൽ ഭാര്യ ബിന്ദു വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പുള്ളതോടെ ഒരു വീട്ടിൽ നിന്ന് രണ്ട് പേർ വേണ്ടെന്ന നിലപാടാണ് പാർട്ടിക്ക്. വടക്കാഞ്ചേരിയിൽ സേവ്യറും ചേലക്കരയിൽ യു.ആർ.പ്രദീപിനും മാറ്റം ഉണ്ടായേക്കില്ല.
സി.പി.ഐയിൽ മാറ്റങ്ങളുണ്ടാകും
സി.പി.ഐയിൽ കെ.രാജന് ഒരിക്കൽ കൂടി മത്സരിക്കാൻ ഇളവു നൽകുന്ന കാര്യത്തിൽ ധാരണയുണ്ട്. ഒല്ലൂരിൽ തന്നെയായിരിക്കും മത്സരിക്കുക. എന്നാൽ ഇത്തവണ തൃശൂരിൽ പി.ബാലചന്ദ്രന് സീറ്റ് നൽകിയേക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാൽ രാജനെ തൃശൂരിൽ മത്സരിപ്പിക്കാനും സാദ്ധ്യത ഏറെയാണ്. രാജാജി മാത്യു തോമസോ വി.എസ്.പ്രിൻസോ ഒല്ലൂരിലെത്തും. തൃശൂരിൽ വി.എസ്.സുനിൽ കുമാറിന് ഒരവസരം കൂടി നൽകാനുള്ള സാദ്ധ്യതയും തള്ളികളയാനാവില്ല. രാജാജി മാത്യു തോമസ്, കെ.പി.രാജേന്ദ്രൻ എന്നിവരും പരിഗണിക്കപ്പെട്ടേക്കാം. നാട്ടികയിൽ സി.സി.മുകുന്ദന് പൊതുസമ്മതി കണക്കിലെടുത്ത് വീണ്ടും അവസരം നൽകാനിടയുണ്ട്. മാറ്റം വരികയാണെങ്കിൽ മുൻ എം.എൽ.എ ഗീത ഗോപിയെ വീണ്ടും പരിഗണിച്ചേക്കും. കയ്പമംഗലത്ത് ഇ.ടി.ടൈസൺ രണ്ട് ടേം പൂർത്തിയാക്കിയതിനാൽ അവിടെ മുൻ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജിന്റെ പേരിനാണ് മുൻഗണന. എന്നാൽ കൊടുങ്ങല്ലൂരിൽ വി.ആർ.സുനിൽ കുമാറിന് ഒരവസരം കൂടി നൽകിയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. അതേസമയം കൂടുതൽ ജനപ്രീതി ഉള്ളവർക്ക് ഇളവ് നൽകി പരമാവധി സീറ്റ് നേടുകയെന്ന ലക്ഷ്യമാണെങ്കിൽ നിലവിലുള്ള ഭൂരിഭാഗം പേരും വീണ്ടും രംഗത്ത് ഇറങ്ങിയേക്കും.