പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത തെളിഞ്ഞു: മുർമു

Monday 26 January 2026 2:54 AM IST

ന്യൂഡൽഹി: ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമു 'ഓപ്പറേഷൻ സിന്ദൂർ' ദൗത്യം പരാമർശിച്ചു. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ രാജ്യം കൃത്യമായ ആക്രമണങ്ങൾ നടത്തി. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത തെളിയിച്ചു. കര, വ്യോമ, നാവിക സേനകളുടെ കരുത്തിലും രാജ്യത്തിന്റെ പ്രതിരോധ സന്നദ്ധതയിലും ജനങ്ങൾ പൂർണ വിശ്വാസമർപ്പിക്കുന്നു. വടക്കുമുതൽ തെക്കുവരെയും കിഴക്കുമുതൽ പടിഞ്ഞാറുവരെയും വ്യാപിച്ച നമ്മുടെ പുരാതന സാംസ്കാരിക ഐക്യത്തിന്റെ ഇഴകൾ നെയ്തത് പൂർവികരാണ്. ഈ ഐക്യബോധത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഓരോ ശ്രമവും പ്രശംസനീയമാണ്. രാജ്യത്തിന്റെ ആഗോളനില ശക്തിപ്പെടുത്തുന്നതിൽ പ്രവാസി ഇന്ത്യക്കാരുടെ സംഭാവനകൾ വലുതാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ ഭാവിക്കായി ജൈവകൃഷി, സ്റ്റാർട്ടപ്പുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കാനും സുസ്ഥിര വികസനത്തെ പിന്തുണയ്‌ക്കാനും രാഷ്‌ട്രപതി ആഹ്വാനം ചെയ്‌തു. സ്വാശ്രയമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളുണ്ടാകണം.